Connect with us

International

അഫ്ഗാന്‍ വിടുന്ന ദ്വിഭാഷികളുടെ ആദ്യ സംഘം രാജ്യത്തെത്തിയതായി അമേരിക്ക

Published

|

Last Updated

വാഷിങ്ടണ്‍ | അഫ്ഗാന്‍ വിടുന്ന അമേരിക്കന്‍ ദ്വിഭാഷികളുടെ ആദ്യ സംഘം രാജ്യത്ത് എത്തിയതായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പരിഭാഷകരായി അഫ്ഗാനില്‍ ജോലി ചെയ്തവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായുള്ള ആദ്യ സംഘമാണ് എത്തിയത്. താലിബാന്‍ തിരിച്ചടി മുന്നില്‍ കണ്ടാണ് ഇവരെ തിരിച്ചെത്തിക്കാന്‍ പദ്ധതിയിട്ടത്. 20,000 ത്തിലെറെ അഫ്ഗാന്‍ വംശജര്‍ 2001 മുതല്‍ അമേരിക്കക്ക് വേണ്ടി ജോലി ചെയ്തിരുന്നു. ഏതാണ്ട് ഇത്രയും പേര്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേക വീസാ പദ്ധതി വഴി അമേരിക്കയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളടക്കം ഒരുലക്ഷത്തോളം പേരെ തിരിച്ചെത്തിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ യു എസ് സേന പിന്മാറുന്നതോടെ താലിബാന്‍ ആക്രമിച്ചേക്കുമെന്ന് ഭയന്നാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്നത്.

ഇരുപത് വര്‍ഷത്തിലേറെയായി അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യവുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരോട് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനുള്ള ആദ്യ നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവാന്മാരായി അവരെ രാജ്യത്ത് എത്തിക്കുമെന്നും യു എന്നുമായി സഹകരിച്ച് ഇവര്‍ക്ക് പുതിയ വാസസ്ഥലം കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.