Connect with us

Editorial

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ മരണക്കളികള്‍

Published

|

Last Updated

കൊവിഡ് ലോക്ക്ഡൗണില്‍ പഠനം മുടങ്ങാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന സംവിധാനം നല്ലൊരു വിഭാഗം വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായി മാറുകയാണ്. പഠനത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളിലൂടെ അപകടകരമായ ഗെയിമിനടിപ്പെട്ട് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നു. ഇടുക്കി കട്ടപ്പന സ്വദേശി ഗര്‍ഷോം എന്ന പതിനാലുകാരന്‍ ആത്മഹത്യ ചെയ്തത് രണ്ടാഴ്ച മുമ്പാണ്. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ ഫ്രീഫയര്‍ ഗെയിമിന്റെ മായിക ലോകത്തായിരുന്നു ഈ കൗമാരക്കാരന്‍. മൊബൈല്‍ ഗെയിമിനുവേണ്ടി വലിയ തുകക്ക് റീചാര്‍ജ് ചെയ്തതു കണ്ട പിതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് ഗര്‍ഷോം ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരത്തുകാരന്‍ അനുജിത്ത് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തത് ഫ്രീഫയര്‍ ഗെയിമിന് അഡിക്റ്റായതിനെ തുടര്‍ന്നാണെന്ന് മാതാവ് രണ്ട് ദിവസം മുമ്പ് ഒരു ചാനലിനോട് വെളിപ്പെടുത്തി. പഠനത്തില്‍ മിടുക്കനും അനുസരണശീലനുമായിരുന്ന ഈ വിദ്യാര്‍ഥി എസ് എസ് എല്‍ സി പഠനത്തിനു ശേഷമാണത്രെ മൊബൈല്‍ ഗെയിമുകളിലേക്ക് തിരിഞ്ഞത്. വീട്ടില്‍ വഴക്കിട്ട് ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണ്‍ സ്വന്തമാക്കിയ അനുജിത്ത് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും ഗെയിമിന് അടിമയായി. മാതാപിതാക്കളും സഹോദരിയും പറയുന്നത് കേള്‍ക്കാതായി. ഊണും ഉറക്കവുമില്ലാതെ പലപ്പോഴും 20 മണിക്കൂര്‍ വരെ ഗെയിമിലായിരുന്നുവെന്ന് മാതാവ് അജിത കുമാരി പറയുന്നു. മെയ് 12നാണ് അനുജിത്ത് ആത്മഹത്യ ചെയ്തത്.
കണ്ണൂര്‍ കുഞ്ഞിമംഗലം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി ദേവനന്ദു കഴിഞ്ഞ ആഗസ്റ്റില്‍ തൂങ്ങിമരിച്ചത് അമിതമായി ഗെയിമില്‍ ഏര്‍പ്പെട്ടതിന് പിതാവ് വഴക്ക് പറഞ്ഞതിനാണ്. കേരളത്തിലും ആയിരക്കണക്കിനു കുട്ടികള്‍ കൊലയാളിയായ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ മരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് ബ്ലൂവെയില്‍ ഗെയിമിന്റേത്. ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്കു ക്ഷണിച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം കേരള പോലീസ്.

സൗജന്യവും കളിക്കാന്‍ എളുപ്പവുമാണ് ഫ്രീഫയര്‍ പോലുള്ള ഗെയിമുകള്‍. സുഹൃത്തുക്കളുമായി ഒരുമിച്ചു കളിക്കാന്‍ കഴിയുന്നതിനാല്‍ കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്നു തന്നെ അഡിക്റ്റാകുകയും ചെയ്യുന്നു. പല കോണുകളില്‍ നിന്ന് ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശ്യം ഉള്ളവരോ ആകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന പോലീസ്, കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത കൈക്കൊള്ളണമെന്ന് മാതാപിതാക്കളെ ഉണര്‍ത്തുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാര്‍. എന്തിനെയും പരീക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍. ആക്രമണ സ്വഭാവമുള്ള ഗെയിമുകള്‍ അവരെ ത്രസിപ്പിക്കുന്നു. ഗെയിമിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥ കഥാപാത്രങ്ങളെ പോലെ, അപകടത്തില്‍ മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോള്‍ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതികരിക്കും. കൗമാരത്തിന്റെ ഈ വികാരമാണ് ഗെയിം വിപണി മുതലെടുക്കുന്നത്. ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടുന്നവരില്‍ ആക്രമണ ചിന്തകള്‍ ഉടലെടുക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ ഇവര്‍ വിമുഖത കാണിക്കും. സ്‌കൂള്‍ പഠനത്തില്‍ താത്പര്യമില്ലാതാകും. നേരത്തേ പഠനത്തില്‍ മിടുക്കരായിരുന്ന കുട്ടികള്‍ പോലും അതില്‍ പിന്നാക്കം പോകുകയും ചെയ്യുന്നു. സ്വന്തം ചുറ്റുപാടുകളില്‍ നിന്നകന്ന് വീഡിയോ ഗെയിമിന്റെ മായിക ലോകത്ത് അകപ്പെട്ടു പോകുന്ന നിരവധി കുട്ടികളുണ്ട്. തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ പോലും ഇവര്‍ മറന്നുപോകുന്നു. അവധി ദിനങ്ങളില്‍ പ്രഭാത കര്‍മങ്ങള്‍ പോലും വേണ്ടെന്നു വെച്ച് ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നു. ലൈംഗികാഭാസങ്ങള്‍ ഉള്‍പ്പെടുന്നതാണ് പല ഗെയിമുകളും. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീടവര്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുതുടങ്ങും.

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും മറ്റു കാര്യങ്ങളില്‍ അവരെ വ്യാപൃതരാക്കുകയും ചെയ്യുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുത്തി ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക, മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക തുടങ്ങിയവയാണ് കൗമാരലോകം ഗെയിമിനു അഡിക്റ്റാകാതിരിക്കാന്‍ വിദഗ്ധര്‍ മുന്‍വെക്കുന്ന നിര്‍ദേശങ്ങള്‍. സ്‌കൂളിലെ കായിക മത്സരങ്ങളിലും മറ്റു പാഠ്യേതര വിഷയങ്ങളിലും പങ്കുകൊള്ളാന്‍ പ്രോത്സാഹിപ്പിക്കുകയും വീട്ടിലെ പണികളില്‍ പങ്കാളികളാക്കുകയും വേണം. ഗെയിമിലൂടെ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്ന കുട്ടികള്‍ പിന്നീട് തങ്ങള്‍ക്കു തന്നെ വിനയായിത്തീരുമെന്ന കാര്യം മാതാപിതാക്കള്‍ ഓര്‍ക്കണം.

അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം കുട്ടികളുടെ കൈവശവും മൊബൈല്‍ ഫോണുകളോ ടാബുകളോ ഉണ്ടെന്നിരിക്കെ പഠനത്തിന്റെ മറവില്‍ കുട്ടികള്‍ ഗെയിമുകളിലേക്ക് തിരിയുന്നത് നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ട്, ഓണ്‍ലൈന്‍ ഗെയിം നിരോധനമാണ് ഇതിനുള്ള പരിഹാര മാര്‍ഗമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സ്വമേധയാ ഒരാള്‍ ഗെയിമില്‍ ഏര്‍പ്പെടുന്നത് നിരോധിക്കാന്‍ നിലവിലെ നിയമ ചട്ടക്കൂട്ടില്‍ പ്രയാസമാണെന്നാണ് ഇതിനോടുള്ള പോലീസിന്റെ പ്രതികരണം. 2019 ജനുവരിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം കേരള ഹൈക്കോടതി നിരോധിച്ചിരുന്നെങ്കിലും ഒക്ടോബറില്‍ നിരോധം നീക്കി. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലുള്ള സൈറ്റുകളും ആപ്പുകളും വീണ്ടും സംസ്ഥാനത്ത് സജീവമായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമജ്ഞരുമായുള്ള കൂടിയാലോചനയിലൂടെ ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് ഭരണകൂടം.