Gulf
ദുബൈയില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചു

ദുബൈ | ഗര്‍ഭിണികള്‍ക്ക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എല്ലാ ഡിഎച്ച്എ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഇന്നലെ മുതല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് ഡിഎച്ച്എയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ 800342 ല്‍ ഡിഎച്ച്എ വാട്ട്‌സ്ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യണം.
ദുബൈയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്ന പ്രവര്‍ത്തനം ഡിഎച്ച്എ തുടരുകയാണെന്ന് ലത്തീഫ ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ സിഇഒ ഡോ. മുന തഹ്‌ലക് പറഞ്ഞു. ഗര്‍ഭിണികളെ വാക്‌സിനേടുപ്പിക്കുന്നത് അണുബാധയുടെ അപകടസാധ്യതകളില്‍ നിന്ന് അവരെ രക്ഷിക്കുകയും സമൂഹ പരിരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഫൈസര്‍ബയോടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. വാക്‌സിന്‍ എടുക്കുന്നതിനുമുമ്പ്, ഗര്‍ഭിണികള്‍, അവരുടെ ഡോക്ടറുമായി കൂടിയാലോചിക്കണം. ഗര്‍ഭത്തിന്റെ ആദ്യ 13 ആഴ്ചക്ക് ശേഷം വാക്‌സിന്‍ എടുക്കാനാണ് ശുപാര്‍ശ ചെയ്യുന്നതെന്നും ഡോക്ടര്‍ തഹ്‌ലക് പറഞ്ഞു.