Connect with us

Articles

ഇറാൻ എത്രമാത്രം മാറും?

Published

|

Last Updated

ഇറാന്റെ പുതിയ പ്രസിഡന്റിനെ യഥാസ്ഥിതികൻ എന്നും ശിയാ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ വിശ്വസ്തൻ എന്നുമാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങളിലൂടെ യു എസും സഖ്യ കക്ഷികളും അവരുടെ കാഴ്ചപ്പാട് മറയില്ലാതെ പ്രഖ്യാപിക്കുകയാണ്. കൺസർവേറ്റീവ്, റിഫോമിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളെ അക്കാദമികമായല്ല അമേരിക്ക കണക്കിലെടുക്കുന്നത്. അതത് രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തിൽ രൂപപ്പെടുന്ന ചേരികൾ എന്ന അർഥത്തിലുമല്ല. ഒരു ഭരണാധികാരിയെ എതിർ ചേരിയിലാക്കാനും ഒറ്റപ്പെടുത്താനും ഉപരോധിക്കാനും തീരുമാനിച്ചു കഴിഞ്ഞാൽ അദ്ദേഹം കൺസർവേറ്റീവ് ആകും. ഒത്തു പോകാനാണ് തീരുമാനമെങ്കിൽ റിഫോമിസ്റ്റാകും. ഇറാനിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹസൻ റൂഹാനി പരിഷ്‌കരണവാദിയായിരുന്നു അമേരിക്കക്ക്. ഡൊണാൾഡ് ട്രംപ് വരുംവരെ റൂഹാനിയോട് അമേരിക്കൻ ഭരണകൂടം ആ സൗമനസ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് ഇബ്‌റാഹീം റഈസിക്ക് ഒരു ഇളവുമുണ്ടാകില്ലെന്നാണ് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ക്രൂരമായ മുൻധാരണയാണിത്. റഈസിയെ തള്ളണോ കൊള്ളണോ എന്ന് നിശ്ചയിക്കാൻ ഇത്തിരി പോലും സാവകാശമെടുക്കുന്നില്ല. ഈ മുദ്ര കുത്തൽ ഉണ്ടാക്കുന്നത് വല്ലാത്തൊരു സ്തംഭനാവസ്ഥയാണ്. വിദേശകാര്യ നയത്തിൽ റൂഹാനിയുടെ മിതവാദ സമീപനം തുടരാനോ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചയിലേക്ക് ആത്മവിശ്വാസത്തോടെ കാലെടുത്തു വെക്കാനോ റഈസിക്ക് സാധ്യമല്ലാതെ വരുന്നു. യു എസ് ചേരിയുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ അദ്ദേഹം ആഗ്രഹിച്ചാൽ പോലും നടക്കില്ലെന്ന സ്ഥിതി തുടക്കത്തിലേ രൂപപ്പെട്ടിരിക്കുന്നു. എല്ലാവരും ചേർന്ന് സൃഷ്ടിച്ചെടുത്ത ഈ പ്രതിച്ഛായയാകും ഇബാറാഹിം റഈസിയെന്ന നിയമജ്ഞന് ഏറ്റവും വലിയ ബാധ്യതയാകുക. 1988ൽ റവല്യൂഷനറി കോടതിയിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായിരിക്കെ മാർക്‌സിസ്റ്റുകളെയും ഇടതുപക്ഷക്കാരെയും കൂട്ട വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വ്യക്തിയാണ് റഈസി. ഉപരോധം നിലനിൽക്കെ പ്രസിഡന്റ്സ്ഥാനത്തെത്തുന്ന ആദ്യ ഇറാൻ നേതാവെന്ന പ്രത്യേകതയും റഈസിക്കുണ്ട്.

അറുപത് ശതമാനത്തിലധികം വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. ഈ ഫലം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നിലവിലെ പ്രസിഡന്റ്ഹസൻ റൂഹാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ചേരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതോടെ നേരത്തേ ഫലമെഴുതിയ കളിയായി തിരഞ്ഞെടുപ്പ് അധഃപതിച്ചിരുന്നു. രണ്ട് ഊഴം പ്രസിഡന്റ് പദവിയിലിരുന്ന ഹസൻ റൂഹാനിക്ക് ഇത്തവണ മത്സരിക്കാനാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ അടുപ്പക്കാർ പലരും സ്ഥാനാർഥിത്വത്തിന് ശ്രമിച്ചെങ്കിലും സുപ്രീം കൗൺസിലിന്റെ അനുമതി ലഭിച്ചില്ല. ഇറാൻ തിരഞ്ഞെടുപ്പിൽ നിശ്ചിത യോഗ്യതയുള്ള ആർക്കും നാമനിർദേശ പത്രിക നൽകാം. എന്നാൽ പരമോന്നത ശിയാ സമിതി ചേർന്ന് അനുമതി നൽകുന്നവർക്ക് മാത്രമേ മത്സരരംഗത്തിറങ്ങാനാകൂ. റഈസിക്ക് വെല്ലുവിളിയുയർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സെൻട്രൽ ബേങ്ക് മുൻ മേധാവി അബ്ദുന്നാസർ ഹിമ്മതി ഏറെ പിന്നിൽ പോയപ്പോൾ മുൻ സൈനിക കമാൻഡർ മുഹ്‌സിൻ റിസായിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇറാൻ ജനതയിൽ സംഭവിക്കുന്ന രാഷ്ട്രീയ പരിവർത്തനത്തിന്റെ കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. കടുത്ത ശിയാ സെന്റിമെന്റ്‌സിനെ അവർ കൈയൊഴിയുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പകരം സഹവർത്തിത്വത്തിന്റെയും മിതത്വത്തിന്റെയും ഉദാര സാമ്പത്തിക നയത്തിന്റെയും സാധ്യതകൾ ആരായണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. വോട്ട് കണക്കിൽ മുന്നിലെത്തിയത് റഈസിയാണെങ്കിലും യഥാർഥത്തിൽ മുന്നിലെത്തിയത് വോട്ട് ചെയ്യാത്തവരാണ്. അഥവാ റഈസി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന്റെ എതിർ പക്ഷത്ത് നിന്നവരാണ് കൂടുതൽ.
1979ന് ശേഷം ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ പ്രസിഡന്റ്തിരഞ്ഞെടുപ്പാണ് ഇത്തവണ ഇറാനിൽ നടന്നത്. റൂഹാനിയുടെ അനുയായികൾക്കും നവീകരണവാദികൾക്കും അയോഗ്യത കൽപ്പിച്ചതോടെ തിരഞ്ഞെടുപ്പ് ഒരു വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. ഒടുവിൽ പരമോന്നത നേതാവ് അലി ഹുസൈൻ ഖാംനഈ തന്നെ വോട്ടിംഗ് ആഹ്വാനവുമായി രംഗത്തെത്തിയതോടെയാണ് പോളിംഗ് ബൂത്തുകളിൽ ആളുകൾ അൽപ്പമെങ്കിലും എത്തിത്തുടങ്ങിയത്. 48.8 മാത്രമാണ് പോളിംഗ് ശതമാനം. ഇവിടെ ഓർക്കേണ്ട കാര്യം ഹസൻ റൂഹാനി രണ്ടാമൂഴം തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിൽ വോട്ടിംഗ് ശതമാനം എഴുപത് ശതമാനത്തിലും അധികമായിരുന്നുവെന്നതാണ്. അന്ന് പോളിംഗ് ബൂത്തുകളിലെ ജനബാഹുല്യം മൂലം നാല് മണിക്കൂർ അധികസമയം നൽകേണ്ടി വന്നു. ഇത്തവണയും അധിക സമയം നൽകി. ബൂത്തിൽ ആളനക്കം ഇല്ലാത്തത് കൊണ്ടാണെന്ന് മാത്രം.

ഇത്തവണ വോട്ടർമാരിൽ നിന്നുണ്ടായ തണുപ്പൻ പ്രതികരണത്തിന് ബഹിഷ്‌കരണത്തിന്റെയൊക്കെ കാരണം പറയാമെങ്കിലും സ്ഥാനാർഥി പട്ടികയിൽ ജനങ്ങൾ നിരാശരായിരുന്നുവെന്നതാണ് അടിസ്ഥാന വസ്തുത. റൂഹാനിയുടെ ആദ്യ ഊഴം ജനങ്ങൾക്ക് നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രത്യാശയുടെ അടിത്തറ റൂഹാനി പ്രകടിപ്പിച്ച സമവായ സമീപനമായിരുന്നു.
1979ലെ വിപ്ലവത്തിന് ശേഷം ഇറാൻ പുലർത്തിയ വിദേശ നയത്തിൽ വലിയ മാറ്റം വരുത്താതെയാണ് റൂഹാനി ഈ അയവേറിയ സമീപനം സ്വീകരിച്ചത്. ശിയാ അജൻഡകളിൽ നിന്ന്, പ്രത്യേകിച്ച് അറബ്- മധ്യപൗരസ്ത്യ മേഖലയിൽ, ഗുണപരമായ മാറ്റത്തിനൊന്നും റൂഹാനി തയ്യാറായിട്ടില്ല. യമനിൽ, ലബനാനിൽ, സിറിയയിൽ, ഇറാഖിൽ എല്ലാം ഇടപെടൽ തുടർന്നു. സഊദിയെ ശത്രു പക്ഷത്ത് നിർത്തുന്ന സമീപനത്തിലും ഒരു മാറ്റവും വന്നില്ല. ഇവിടങ്ങളിലെല്ലാം സൈന്യത്തിനായി പണം ഇടിച്ചു തള്ളി. രാജ്യം കടുത്ത പ്രതിസന്ധിയിൽ ഉഴലുമ്പോഴായിരുന്നു ഇത്. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്ത് യു എസുമായി ആണവ കരാർ യാഥാർഥ്യമായി. ഒരു പരിധിവരെ ഉപരോധം നീങ്ങി. എണ്ണ വിപണനം ഉണർന്നു. ഇറാനിലെ മധ്യവർഗത്തിന്റെ ഉപഭോഗ താത്പര്യത്തെ പരിലാളിക്കാൻ ഇതു മതിയായിരുന്നു. അഹ്മദി നജാദിന്റെ ഹൈവോൾട്ട് പാശ്ചാത്യവിരുദ്ധതയിൽ നിന്ന് അവർ അകന്നു കഴിഞ്ഞിരുന്നു. ഇത്തവണ വോട്ട് ചെയ്യാൻ ബൂത്തിലെത്താതിരുന്നത് ഇക്കൂട്ടരാണ്.

അതുകൊണ്ട് ഡൊണാൾഡ് ട്രംപ് ആണവകരാറിൽ നിന്ന് പിൻവാങ്ങുകയും വാക്‌സീൻ പോലും വാങ്ങാൻ സാധിക്കാത്തവിധം ഇറാനെ വരിഞ്ഞു മുറുക്കുന്ന ഉപരോധം തിരിച്ചു വരികയും ചെയ്ത ഘട്ടത്തിൽ പ്രസിഡന്റ് പദത്തിലെത്തുന്ന റഈസിയുടെ മുന്നിലെ പ്രധാന ഉത്തരവാദിത്വം ഈ മാറിനിന്ന ജനതയുടെ താത്പര്യം സംരക്ഷിക്കലാകും. അങ്ങനെ മാത്രമേ അമ്പത് ശതമാനം പേർ പോലും വോട്ട് ചെയ്യാത്ത തിരഞ്ഞെടുപ്പ് ഏൽപ്പിക്കുന്ന രാഷ്ട്രീയ ബാധ്യത നിറവേറ്റാനാകൂ.
2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് ഇറാന്റെ പുതിയ പ്രസിഡന്റായി റഈസിയെത്തുന്നത്. ഈ അവസരം അദ്ദേഹത്തിന് വിനിയോഗിക്കാവുന്നതാണ്. സാമ്പത്തിക രംഗത്തായിരിക്കണം കൂടുതൽ ശ്രദ്ധ. മറ്റെല്ലാ ശാഠ്യങ്ങളും മാറ്റിവെക്കേണ്ടി വരും. സഊദിയുമായുള്ള നിഴൽ യുദ്ധത്തിന് അവധി കൊടുക്കേണ്ടതുണ്ട്. അയൽ രാജ്യങ്ങളുമായി വ്യാപാര, വാണിജ്യ സഹകരണത്തിന്റെ വാതിലുകൾ തുറക്കാം. അതിനാവശ്യമായ നീക്കുപോക്കുകളും കണ്ണടക്കലുകളും പക്വതയും പുറത്തെടുക്കണം. ഉപരോധത്തിൽ നിന്ന് പുറത്തു കടക്കാൻ ബൈഡൻ ഭരണകൂടവുമായുള്ള ചർച്ച നിരുപാധികം ആരംഭിക്കേണ്ടി വരും. മറ്റൊരു റൂഹാനിയാകാൻ ആയത്തുല്ല ഖാംനഈയും സുപ്രീം കൗൺസിലും അദ്ദേഹത്തെ അനുവദിക്കുമെങ്കിൽ മാത്രമേ ഈ സാധ്യതയിലേക്ക് സഞ്ചരിക്കാൻ റഈസിക്ക് കഴിയൂ.

വിദേശ നയത്തിൽ വലിയ മാറ്റങ്ങളില്ലാതെ സാമ്പത്തിക പുരോഗതിക്കായുള്ള ശ്രമമെന്ന സാധ്യതയാകും റഈസി എടുക്കുക. അതിന് ശിയാ നേതൃത്വത്തിന്റെ പിന്തുണയുണ്ടാകും. സംഘർഷാത്മക വിദേശ നയം തുടരുന്ന മേഖലകളിലെല്ലാം ആ റൂട്ട് തന്നെ പിടിക്കും. റഷ്യയുമായും ചൈനയുമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും കൈകോർത്ത് എണ്ണ സമ്പത്തിന് പരിമിതമായെങ്കിലും വിപണി കണ്ടെത്തും. അമേരിക്കയുമായി ഉപാധികളോടെ ആണവ കരാറിന് ശ്രമിക്കും. ഭാഗികമായെങ്കിലും ഉപരോധം നീങ്ങിക്കിട്ടുമോയെന്നാകും നോക്കുക. പക്ഷേ, ആണവ പരീക്ഷണങ്ങളുടെ പേരിൽ ഇറാനെ ശിക്ഷിക്കാനിറങ്ങുന്ന യു എസിന്റെ സമീപനത്തിൽ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ല. ജോ ബൈഡൻ വന്നതു കൊണ്ടു മാത്രം ഫലമില്ലെന്ന് ഇതിനകം വ്യക്തമായതാണ്.

ഇറാനിലെ പുതിയ തലമുറ ആഗ്രഹിക്കുന്നത് ആദ്യത്തെ ഓപ്ഷനിലേക്ക് രാജ്യം നീങ്ങണമെന്നാണ്. 1979ലെ വിപ്ലവത്തെ ഇസ്‌ലാമിക് വിപ്ലവമെന്ന് വിളിക്കണമെങ്കിൽ നിഗൂഢമായ ശിയാ രാഷ്ട്രീയ താത്പര്യങ്ങളിൽ നിന്ന് പുറത്ത് കടക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. വിപ്ലവം വഴി നേടിയെടുത്ത കരുത്ത് പിൽക്കാലത്ത് വ്യയം ചെയ്തത് എന്തിന് വേണ്ടി എന്നതാണ് ചോദ്യം. ഇറാഖിൽ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാൻ ആ കരുത്ത് വിനിയോഗിച്ചു. സിറിയയിൽ ബശർ അൽ അസദിനെ നിലനിർത്താൻ ആളും അർഥവും ഇറക്കി. യമനിൽ ഹൂത്തികൾക്കാണ് പിന്തുണ. ബഹ്‌റൈനിൽ കലാപം വിതച്ചു. സഊദിക്കെതിരെ പലയിടങ്ങളിൽ നിഴൽ യുദ്ധം. ഈ കൗശല രാഷ്ട്രീയം ഒന്നും നേടുന്നില്ലെന്ന് തിരിച്ചറിയാൻ ഇറാൻ നേതൃത്വത്തിന് സാധിക്കുന്ന കാലമാണ് ഇറാൻ ജനസാമാന്യത്തിന്റെ സ്വപ്നം. ദേശീയതക്ക് നിലനിൽക്കാൻ ശത്രുത തന്നെ വേണമെന്നില്ല, സൗഹൃദം കൊണ്ടും സമൃദ്ധി കൊണ്ടും അത് സാധിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്