National
മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യ: പ്രഫുല്‍ പട്ടേലിനെതിരായ പരാതി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി | ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും പട്ടികവര്‍ഗ്ഗക്കാരനുമായ മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ (LYJD) ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതി സുപ്രീം കോടതി പൊതു താല്‍പര്യ ഹരജിയായി രജിസ്റ്റര്‍ ചെയ്തു. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ മുഖേന ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയാണ് പൊതുതാല്‍പര്യ ഹരജിയായി ഫലയില്‍ സ്വീകരിച്ചത്.
ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും 7 തവണ വിവിധ പാര്‍ട്ടികളില്‍ നിന്നായി വിജയിച്ച മോഹന്‍ ദേല്‍കര്‍ കഴിഞ്ഞ തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാന്‍ കാരണമായെന്ന് പരാതിയില്‍ പറയുന്നു. ബിജെപി നേതാവായിരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ മോഹന്‍ ദേല്‍ക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി.
2021 ഫെബ്രുവരി 22നാണ് മോഹന്‍ ദേല്‍ക്കര്‍ ബോംബെ മറൈന്‍ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ വച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹം മരണസമയത്ത് എഴുതിവെച്ച 15 പേരുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡാ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തന്റെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. മോഹന്‍ ദേല്‍കര്‍ ആത്മഹത്യക്ക് ബോംബെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന് എളുപ്പം നീതി കിട്ടും എന്നുള്ള പ്രതീക്ഷ കൊണ്ടാണെന്ന് മകന്‍ അഭിനവ് ദേല്‍ കര്‍ മൊഴിനല്‍കിയിരുന്നു. ബി.ജെ.പി സ്വാധീനമുള്ള ഭരണകൂടങ്ങളില്‍ നിന്നും തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈന്‍ഡ്രൈവ് പോലീസ് സ്റ്റേഷനില്‍ 306, 506, 389 120 (b) എന്നീ ഐ പി സി വകുപ്പുകള്‍ പ്രകാരവും 1989 ലെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ 3(1) എന്‍, 3(1) പ, 3(2)(2) , 3(2) (5എ) വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പ്രതികളില്‍ ഒരാളെപ്പോലും ചോദ്യം ചെയ്യുകയോ കാര്യമായ തെളിവ് ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല. മോഹന്‍ ദേല്‍കറിന്റെ മകനായ അഭിനവ് ദേല്‍ക്കര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ല്‍ കോഡ പട്ടേല്‍ തന്റെ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും 1985ലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (PASA) പ്രകാരം മോഹന്‍ ദേല്‍ക്കറിനെതിരെ കേസെടുത്ത് ജയിലിലടക്കാതിരിക്കണമെങ്കില്‍ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ആരോപിച്ചിരുന്നു.
മോഹന്‍ ദേല്‍കറിന്റെ ഉടമസ്ഥതയിലുള്ള എസ് എസ് ആര്‍ കോളേജിന്റെ നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നവര്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതും മരണകാരണമായതായി മകന്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ പ്രതികള്‍ ആത്മഹത്യാ പ്രേരണ കേസ് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് അധികാരമില്ലെന്ന വാദമുയര്‍ത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെയാണ് വിഷയം സുപ്രീം കോടതി മുമ്പാകെയെത്തിയത്.
തനിക്ക് ദാദ്ര നഗര്‍ ഹവേലി ഭരണകൂടത്തില്‍നിന്ന് നേരിടുന്ന അപമാനകരമായ പെരുമാറ്റങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും മോഹന്‍ ദേല്‍കര്‍ പലതവണ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലോകസഭ സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. ഇത്തരമൊരു കത്തില്‍ തനിക്ക് ഒന്നുകില്‍ ലോക്‌സഭയില്‍ നിന്നും രാജിവെക്കുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് മോഹന്‍ ദേല്‍കര്‍ എഴുതിയിരുന്നു.
പ്രഫുല്‍ കോഡാ പട്ടേല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് അടക്കമുള്ള ശക്തമായ തെളിവുകളുണ്ടായിട്ടും മഹാരാഷ്ട്ര പ്രത്യേക പോലീസ് അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയില്‍ സലീം മടവൂര്‍ ആരോപിച്ചു.