Connect with us

National

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു: തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകും

Published

|

Last Updated

ന്യൂഡല്‍ഹി |  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത നാശം വിതക്കുകയും നിരവധി ജീവനെടുക്കുകയും ചെയ്ത ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു അതിവേഗ ചുഴലിക്കാറ്റും. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ അതിവേഗ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. യാസ് ചുഴലിക്കാറ്റെന്ന് പേരിട്ട ഇതിന്റെ സഞ്ചാരപദത്തില്‍ കേരളമില്ല. എങ്കിലും കേരളത്തില്‍ കനത്ത മഴയുണ്ടാകും. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് രാവിലെ 08.30 ഓടുകൂടിയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. നാളെ രാവിലെയോടെന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമാകും. ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറും. തുടര്‍ന്ന് 26ഓടെ ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കാറ്റ് കരതൊടുമെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട്മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.