Connect with us

Prathivaram

പി എഫ് സകാത്ത്: ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധക്ക്

Published

|

Last Updated

ശമ്പളത്തിന് സകാത്തുണ്ടോ? പലപ്പോഴായി, പലരിൽ നിന്നായി ഉയർന്നുകേട്ട ചോദ്യമാണിത്. സകാത്തുണ്ടെങ്കിൽ അത് കൊടുക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നും അതിന്റെ വിശദാംശങ്ങൾ അറിയായ്കയാൽ ഞങ്ങൾ വിഷമവൃത്തത്തിലാണെന്നുമാണ് ഈ ചോദ്യത്തിന്റെ ധ്വനി. നല്ലൊരു മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൊടുക്കേണ്ടത് കൃത്യമായി കൊടുത്ത് ശീലിക്കുന്നവരാണ്, മാസവേതനം പറ്റുന്ന ഉദ്യോഗസ്ഥർ. പല വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉദാരമായി സംഭാവനകൾ കൊടുക്കും. അതുപോലെ ടാക്‌സായി ഭീമമായ തുക സർക്കാറിലേക്ക് മുറതെറ്റാതെ ഉദ്യോഗസ്ഥർ അടച്ചുകൊണ്ടിരിക്കുന്നു. ഓർമ വേണം, സകാത്ത് പോലെ വർഷക്കണക്കിലല്ല ഇത് പിടിക്കുന്നത്. മറിച്ച്, മാസക്കണക്കിലാണ്. ഒരു അറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥൻ ശരാശരി നാലായിരം രൂപ പ്രതിമാസം ടാക്‌സായി അടക്കുന്നുണ്ട്- മറ്റ് ടാക്‌സ് റിഡക്ഷൻ സൂത്രപ്പണികളൊന്നും ഒപ്പിച്ചില്ലെങ്കിൽ.

എന്നാൽ, സകാത്തിന്റെ കാര്യത്തിലേക്ക് കടക്കുമ്പോൾ- ടാക്‌സിനെ അപേക്ഷിച്ച് എത്രയോ ലളിതവും സുതാര്യവുമായ ഒരു സാമ്പത്തിക രീതിയാണെന്ന് മനസ്സിലാകും. ശമ്പളത്തിനല്ല സകാത്ത്. മറിച്ച് പണത്തിനാണ്. നിങ്ങളുടെ കൈവശം വന്ന പണം- അത് ശമ്പളമായാലും, വെറുതെ കിട്ടിയതായാലും, കുടുംബസ്വത്ത് വിറ്റ് കിട്ടിയതായാലും, അവാർഡ് തുകയായി കിട്ടിയതായാലും- ഒരു കൊല്ലം സൂക്ഷിച്ചുവെച്ചെങ്കിലേ സകാത്ത് വരുന്നുള്ളൂ. മാത്രവുമല്ല, ആ പണത്തിനുമുണ്ട് മിനിമം പരിധി. ഇന്നത്തെ നിലവാരം വെച്ച് (595 ഗ്രാം വെള്ളിയുടെ നിലവാരം) പറയുകയാണെങ്കിൽ ഏകദേശം 24,000 രൂപയെങ്കിലും വേണമത്. എന്നിട്ട് ഒരു കൊല്ലം വെറുതെ കിടക്കുകയും വേണം. അപ്പോൾ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. ഒരാളുടെ കൈയിൽ 20,000 രൂപ നിക്ഷേപമുണ്ട്. ഒരു വർഷമായാൽ സകാത്ത് കൊടുക്കണോ? വേണ്ട! ഒരാളുടെ അക്കൗണ്ടിൽ 26,000 രൂപയുണ്ട്. കഴിഞ്ഞ കൊല്ലം ജൂണിൽ ഇൻവെസ്റ്റ് ചെയ്തതായിരുന്നു. ഇത്തവണ നോമ്പ്, പെരുന്നാൾ, ബുക്ക്, ബാഗ്, യൂനിഫോം ആദിയായവക്കായി ഒരാറായിരം മെയ് ആദ്യവാരം പിൻവലിച്ചു. സകാത്ത് കൊടുക്കണോ? വേണ്ട!
മാസംതോറും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ ഇനി ആലോചിക്കേണ്ടത്- ഇങ്ങനെയാണ് സകാത്തിന്റെ കിടപ്പെങ്കിൽ നാം സകാത്ത് കൊടുക്കേണ്ടതായ വല്ല വകുപ്പും കാണുമോ എന്നതിനെ കുറിച്ചാണ്. ഓരോ മാസവും ശമ്പളം വന്ന് ഒരാഴ്ച കഴിയുമ്പോഴേക്കും മിക്കവാറും പേരുടെ എ ടി എം കാർഡ് ഓട്ടവീണിരിക്കും. പാൽ, പത്രം, ഫീസ്, വാടക എന്നു തുടങ്ങിയ ചെറുമാതിരി ചെലവുകളും ഹൗസിംഗ് ലോൺ, വെഹിക്കിൾ ലോൺ തുടങ്ങിയ സ്രാവുതല ചെലവുകളും കഴിച്ചാൽ പിന്നെ കാര്യമായി മിച്ചമൊന്നും കാണില്ല. എന്നാലും ഇല്ലേ ചില നിക്ഷേപങ്ങൾ?

പ്രൊവിഡന്റ് ഫണ്ട്
ജീവനക്കാരുടെ സേവനാനന്തരകാല ക്ഷേമത്തിനായി സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണ് പി എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രൊവിഡന്റ് ഫണ്ട്. മാസ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക നിർബന്ധപരമെന്നോണം സർക്കാർ/ തൊഴിൽദാതാവ് പിടിച്ച് വെക്കുന്നു. മിനിമം നിരക്ക് എംപ്ലോയർ തീരുമാനിക്കും. മാക്‌സിമം എത്രയാവാമെന്നത് തൊഴിലാളികളുടെ ഹിതം. അങ്ങനെ നോക്കുകയാണെങ്കിൽ 24,000 രൂപ ഒരു വർഷം നമ്മുടെ ഉടമസ്ഥാവകാശത്തിലായിരിക്കുക എന്നത് നമ്മുടെ കാര്യത്തിൽ നടക്കുന്നില്ലേ? തീർച്ചയായും ഉണ്ട്. ഓർക്കേണ്ടത്, ശമ്പളം പോലെ ഇഷ്ടാനുസാരം നമുക്ക് കൈകാര്യം ചെയ്യാൻ കൈയിൽ കിട്ടുന്നില്ലെങ്കിലും നമ്മുടെ പേരിലായി സമ്പൂർണ ഉടമസ്ഥാവകാശത്തോടെ ഞെളിയുന്ന പണം തന്നെയാണത്. നമുക്കത് വേണമെങ്കിൽ ഇടക്കാലത്ത് പലിശയില്ലാ ലോണായി വസൂലാക്കാം, ഗഡുക്കളായി തിരിച്ചടക്കാമെന്ന വ്യവസ്ഥയിൽ. ഒരു ഘട്ടം കഴിഞ്ഞാൽ തിരിച്ചടക്കാ നിക്ഷേപമായി കൈവശപ്പെടുത്തുകയുമാകാം.

വളരെ എളുപ്പത്തിൽ കണക്കുകൂട്ടി തിട്ടപ്പെടുത്താവുന്ന ഒന്നാണ് പി എഫ്. തുച്ഛമായ തുകയേ സകാത്ത് വകയായി വരികയുള്ളൂ. പിന്നെ ദീർഘകാല നിക്ഷേപമായതിനാൽ വർഷംതോറും കൊടുക്കണമെന്ന കാര്യമുണ്ട്. എന്നാലും നമ്മൾ മാസാമാസം അടക്കുന്ന ടാക്‌സിന്റെ പതിനാലേകാലടി അകലത്തുപോലും വരില്ല. ഒരു ഉദാഹരണം നോക്കാം…

ഉസ്മാൻ മാഷ് 2016 ഫെബ്രുവരിയിൽ പ്ലസ് ടു അധ്യാപകനായി ജോലിയിൽ കയറി. “പിടുത്ത”ങ്ങൾ കഴിച്ച് 34,000 രൂപ മാഷിന് കൈയിൽ കിട്ടുന്നു എന്ന് കരുതുക. കിട്ടിയ മുപ്പത്തിനാലിനെ കുടുംബക്കാരും കൂട്ടുകാരും ചേർന്ന് “പിടിക്കു”ന്നു. പിന്നെ ശമ്പളത്തിലെന്ത് സകാത്ത്? പക്ഷെ ഓരോ മാസവും മൂവായിരം വെച്ച് പി എഫ് പിടിക്കുന്നു. എത്രയായിരുന്നു സകാത്ത് നിർബന്ധമാകാനുള്ള ഏകദേശ അടിസ്ഥാന തുക? 24,000. അപ്പോൾ പി എഫ് തുടങ്ങിയ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലൊന്നും സകാത്ത് വിഷയമേ ഉദിക്കുന്നില്ല. മറിച്ച്, സകാത്തിന്റെ ഉദയം തന്നെ ഉദിക്കണമെങ്കിൽ മാസങ്ങൾ എത്ര കഴിയണം? മൂവെട്ടല്ലേ ഇരുപത്തിനാല്? അതായത്, സെപ്തംബറിലാണ് പി എഫിന്റെ പല തുള്ളി ചേർന്ന് 24,000 ആകുന്നത്. എന്നാൽ സകാത്ത് ചാമ്പട്ടെയോ? ആയിട്ടില്ല! ഒരു നിബന്ധന കൂടി പറഞ്ഞിരുന്നില്ലേ? നിശ്ചിത നിരക്ക് തുക ഒരു വർഷം വെറുതെ കൈവശമിരിക്കണമെന്ന്. അപ്പോൾ ആലോചിച്ചുനോക്കൂ. ഉസ്മാൻ മാഷ് ആദ്യമായി എപ്പോഴാണ് സകാത്ത് കൊടുക്കേണ്ടി വരിക? 2017 സെപ്തംബറിൽ! എത്രയാ കൊടുക്കേണ്ടത്? തുകയുടെ രണ്ടര ശതമാനം. അതെത്രവരും? വെറും അറുനൂറുർപ്യ! ഇക്കാലത്തിനിടെ മാഷ് ടാക്‌സെത്ര ഒടുക്കി??

ഇനി ശ്രദ്ധിക്കേണ്ടത്, ഇവിടെ ഇരുപത്തിനാലായിരം എന്ന നിസ്വാബ് തുക തികഞ്ഞ സ്ഥിതിക്ക് ഇനിവരുന്ന മാസാമാസമുള്ള മൂവായിരങ്ങൾ ഇതിനോട് ചേർക്കുകയാണ് ചെയ്യുക. മനസ്സിലായില്ല? അതായത് ഇനി ഒക്ടോബർ മുതൽ വീണ്ടും മൂവായിരങ്ങൾ കൂടിക്കൂടി ഇനിയുമൊരു 24,000 തികഞ്ഞാലേ അടുത്ത സകാത്ത് കൊടുക്കേണ്ടൂ എന്ന് കരുതേണ്ട. മറിച്ച് ഇനി ഓരോ മാസവും ഒരു വർഷം മുമ്പടച്ച മൂവായിരത്തിന് സകാത്ത് കൊടുത്തുകൊണ്ടേ ഇരിക്കണം. അതെത്രയാ വരിക? വെറും എഴുപത്തഞ്ച് രൂപ വെച്ച്. അങ്ങനെ വന്നുവന്ന്, വീണ്ടും ഒക്ടോബർ ആകുമ്പോൾ നേരത്തെയുള്ള 24000ന് വീണ്ടും ഒരു കൊല്ലം പൂർത്തിയാകുന്നു, 2018ൽ. അപ്പോൾ കൊടുക്കണം, അറുന്നൂറും ആ മാസത്തെ എഴുപത്തഞ്ചും (675). ഇനി ആ നവംബറിലോ? 75+75=150 കൊടുക്കണം. അങ്ങനെ ഓരോ മാസവും 150 വെച്ചങ്ങനെ കൊടുത്തുപോകണം. ഏതുവരെ? 2019 ഒക്ടോബർ വരെ. ആ മാസം നമ്മൾ പഴയ (600+75+75) കൊടുക്കണം. തുടർന്ന് സെപ്തംബർ മുതൽ നമ്മൾ എന്ത് ചെയ്യുന്നു? 75+75+75=225 വെച്ചങ്ങനെ കൊടുത്തുപോരുന്നു. ഇനി മാസാമാസം എഴുപത്തഞ്ചും നൂറ്റമ്പതും ശ്ശിശ്ശിയായി കൊടുക്കാൻ ഏനക്കേടുണ്ടെങ്കിൽ അടങ്കൽ തുക ആദ്യമേ അഡ്വാൻസ് സകാത്തായി കൊടുത്തുവീട്ടാവുന്നതാണ്. പക്ഷെ സകാത്തിന്റെ യഥാർഥ സമയമാകുമ്പോഴേക്കും സ്വീകർത്താവ് സകാത്തിനർഹനായിത്തന്നെ തുടരണം.

പ്രാക്ടിക്കൽ
സുലൈമാൻ പോലീസ് സുയിപ്പിൽ പെട്ടു. എത്ര ശ്രമിച്ചിട്ടും പി എഫ് കണക്ക് കൂട്ടാനാകുന്നില്ല. ഒന്ന് സഹായിക്കാമോ?
2014 മുതലാണ് മൂപ്പർ പി എഫിൽ ചേർന്നത്. പ്രശ്‌നമെന്താണെന്ന് വെച്ചാൽ ആദ്യമാദ്യം 2000 രൂപ ഇട്ട മാഷ് ഇടക്ക് വെച്ച് (2018 ജൂലൈയിൽ) ആയിരം കൂട്ടിയടച്ചു. എന്തുചെയ്യും?

2014 ജൂലൈയിലാണ് മാഷ് പി എഫ് സ്റ്റാർട്ട് ചെയ്തത്. 2000 വെച്ചാണ് അടച്ച് തുടങ്ങിയത്, അല്ലേ? അപ്പോൾ 2015 ജൂലൈ ആകുമ്പോഴേക്ക് 12 മാസം പൂർത്തിയായി. മൊത്തം നിക്ഷേപം 24000വുമായി. 2016 ജൂലൈ ആകുമ്പോഴേക്ക് കൊല്ലവും പൂർത്തിയായി. സകാത്ത് തുടങ്ങി- 600 രൂപ. തുടർന്ന് 2017 ജൂലൈയിൽ 600+50 കൊടുക്കണം. ശ്രദ്ധിക്കുക, ഈ മാസം മുതൽ മാഷ് പി എഫ് നിരക്ക് 2000ൽ നിന്ന് 3000 ആയി ഉയർത്തുന്നു. അടുത്ത ജൂലൈ (2018) വരെ പ്രതിമാസം 50 രൂപ വെച്ച് സകാത്ത് കൊടുത്തുപോരുന്നു. 2019 ജൂലൈയിൽ 600+50+75 കൊടുക്കണം. തുടർന്നുള്ള മാസങ്ങളിലെല്ലാം 125 വെച്ച് കൊടുത്തുപോരണം. 2020 ജൂലൈയിൽ ഇയാൾ പി എഫ് 4000 ആക്കും. അപ്പോൾ അടുത്ത വർഷം അതിനനുസരിച്ച് സകാത്ത് വിഹിതം കൂടുകയും ചെയ്യും. പി എഫിന് പുറമെ സകാത്ത് ബാധകമാകുന്ന വേറെയും ചില കാര്യങ്ങളുണ്ട്, അടുത്തയാഴ്ചയാവാം.

---- facebook comment plugin here -----

Latest