Connect with us

National

കേരളത്തിന് പിറകെ തമിഴ്‌നാടും കര്‍ണാടകയും ഗോവയും സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്

Published

|

Last Updated

ചെന്നൈ/ ബെംഗളുരു/ പനാജി | കേരളത്തിന് പിറകെ കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന തമിഴ്‌നാടും കര്‍ണാടകയും സമ്പൂര്‍ണ അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഈ മാസം 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും.അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അതേ സമയം അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.

കര്‍ണാടകയിലും മെയ് 10 മുതല്‍ 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ. അതേ സമയം വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളും പ്രവര്‍ത്തിക്കില്ല.

ഗോവയില്‍ ഈമാസം 9 മുതല്‍ 23 വരെ ലോക്ഡൗണ്‍ ആണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 1 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാഴ്‌സലുകള്‍ മാത്രമാണ് ലഭ്യമാവുക.

ഡല്‍ഹി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങല്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.