ഒടുവില്‍ ആശ്വാസം; ആ വമ്പന്‍ ഛിന്നഗ്രഹം നൂറ് വര്‍ഷത്തേക്ക് ഭൂമിയെ തൊടില്ല

Posted on: March 29, 2021 4:39 pm | Last updated: March 29, 2021 at 5:14 pm

ന്യൂയോര്‍ക്ക് | വമ്പന്‍ ഛിന്നഗ്രഹമായ അപോഫിസ് ഭൂമിയെ ഇടിക്കുമെന്ന ആശങ്ക വേണ്ടെന്ന് നാസ. 2068ല്‍ ഈ ഛിന്നഗ്രഹം ഭൂമിയെ ഇടിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയെ അപോഫിസ് ഛിന്നഗ്രഹം തൊടില്ലെന്ന് അതിസൂക്ഷ്മ ഭ്രമണ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

2004ല്‍ കണ്ടെത്തിയ അപോഫിസ് 2029ല്‍ ഭൂമിയെ ഇടിക്കുമെന്നായിരുന്നു ആദ്യ നിഗമനം. കൂടുതല്‍ നിരീക്ഷണങ്ങളുടെ ഫലമായി 2036ല്‍ ഇടിക്കുമെന്നും പിന്നീട് 2068ലാണെന്നും നിഗമനങ്ങളുണ്ടായി. മാര്‍ച്ച് അഞ്ചിന് ഭൂമിയുടെ സമീപത്തുകൂടി അപോഫിസ് കടന്നുപോയിരുന്നു.

ആ സമയത്ത് അതിശക്തമായ റഡാര്‍ നിരീക്ഷണം നടത്തുകയും അടുത്ത നൂറ് വര്‍ഷത്തേക്കെങ്കിലും ഛിന്നഗ്രഹം ഭൂമിയെ ഇടിക്കില്ലെന്ന നിഗമനത്തില്‍ എത്തുകയുമായിരുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലാബ് കൈകാര്യം ചെയ്യുന്ന സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിലെ ഡേവിഡ് ഫര്‍ണോഷിയയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ  മരിച്ചവരുടെ ശബ്ദം കേള്‍ക്കല്‍; നിഗൂഢതയുടെ ചുരുളഴിച്ച് ശാസ്ത്രജ്ഞര്‍