Editorial
ആര്‍ക്കും വേണ്ടാതെ 2000ത്തിന്റെ നോട്ട്

2019 മുതല്‍ രാജ്യത്ത് 2000ത്തിന്റെ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. 2016ലെ നോട്ടുനിരോധനത്തിനു ശേഷം അവതരിപ്പിച്ച കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചാരത്തില്‍ ഇല്ലാത്തതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബേങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016-17 വര്‍ഷത്തില്‍ രണ്ടായിരത്തിന്റെ 35,42,991 ദശലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. 2017-18ല്‍ ഇത് 1,11,507 ദശലക്ഷമായി കുറച്ചു. 2018-19ല്‍ പിന്നെയും കുറച്ചു. 46,690 ദശലക്ഷം നോട്ടുകളാണ് പ്രസ്തുത വര്‍ഷം അച്ചടിച്ചത്. അതിന് ശേഷം രണ്ടായിരത്തിന്റെ നോട്ട് അച്ചടി വേണ്ടെന്നു വെക്കുകയായിരുന്നു.
അതിനിടെ 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യം കുറഞ്ഞ മൂല്യമുള്ള നോട്ടുകളാണ്. ആവശ്യക്കാര്‍ കുറവായതിനാല്‍ നേരത്തേ അച്ചടിച്ച 2000ന്റെ 2.46 കോടിയുടെ മൂല്യമുള്ള നോട്ടുകള്‍ റിസര്‍വ് ബേങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബേങ്ക് ചീഫ് ഇക്കോണമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ് ബി ഐയും ഇന്ത്യന്‍ ബേങ്കും എ ടി എമ്മുകളില്‍ നിന്ന് ഈ നോട്ട് ഒഴിവാക്കിയിട്ടുമുണ്ട്. നോട്ട് പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി ഇതിനെ വിലയിരുത്തപ്പെടുന്നു.
കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുക, ഭീകര പ്രവര്‍ത്തനത്തിന്റെ വേരറുക്കുക, അഴിമതി മുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നീ അവകാശവാദങ്ങളോടെയാണ് സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി പകരം 2000ത്തിന്റെ നോട്ട് പുറത്തിറക്കിയത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകളില്‍ ധാരാളം കള്ളനോട്ടുകളുണ്ട്. വ്യാജ കറന്‍സിക്കെതിരെ ശക്തമായ സംവിധാനങ്ങളോടു കൂടിയാണ് രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ റിസര്‍വ് ബേങ്ക് പുറത്തിറക്കിയതെന്നും ഇവയില്‍ 30 അതീവ സുരക്ഷാ സവിശേഷതകളുള്ളതിനാല്‍ അതാര്‍ക്കും അനുകരിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍ 2000ത്തിന്റെ നോട്ട് ഇറങ്ങി ആഴ്ചകള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ സുരക്ഷാ സവിശേഷതകളില്‍ മിക്കതും അടങ്ങിയതായിരുന്നു ഈ വ്യാജന്മാര്‍. 2017 ഒക്‌ടോബറില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത കള്ളനോട്ടുകള്‍ നാസിക്കിലെ നോട്ടടി കേന്ദ്രത്തിലേക്ക് പഠനത്തിനായി അയച്ചപ്പോഴാണ് പുതിയ അതീവ സുരക്ഷാ രഹസ്യങ്ങള്‍ വരെ കള്ളനോട്ടില്‍ പകര്‍ത്തിയതായി കണ്ടെത്തിയത്. മഷിയും പേപ്പറും ഏറ്റവും ഗുണമേന്‍മയുള്ളതും വാട്ടര്‍ കളര്‍ മാര്‍ക്കുകള്‍ പോലും യഥാര്‍ഥ നോട്ടുകളോട് കിടപിടിക്കുന്നതുമായിരുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് പുതിയ നോട്ടുകളിറങ്ങി ഒരു വര്‍ഷത്തിനകം 28.1 കോടി രൂപയുടെ വ്യാജന്മാരെ കണ്ടെത്തി. മുന്‍ വര്‍ഷം പിടിച്ച 15.9 കോടി രൂപയുടെ കള്ളനോട്ടുകളേക്കാള്‍ എത്രയോ അധികമായിരുന്നു ഇത്.
സഹസ്ര കോടികളാണ് നോട്ട് നിരോധനത്തിനും പുതിയ നോട്ടുകളുടെ അച്ചടിക്കുമായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് അഥവാ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ചെലവിട്ടത്. ഒറ്റയടിക്ക് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ 577 കോടി രൂപയുടെ നഷ്ടം പ്രസ്സുകള്‍ക്കുണ്ടായെന്നാണ് കണക്ക്. രണ്ടായിരത്തിന്റെ ഒരു നോട്ട് അച്ചടിക്കാന്‍ 3.54 രൂപ ചെലവ് വരുമെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ റിസര്‍വ് ബേങ്കിന്റെ കീഴിലുള്ള ഭാരതീയ റിസര്‍വ് ബേങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ആദ്യ രണ്ട് വര്‍ഷം മാത്രം റിസര്‍വ് ബേങ്കിന് ചെലവായത് 13,000 കോടി രൂപയാണ്. പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയതുവഴി അതിനുള്ള ചെലവും ഇരട്ടിച്ചു.
ജനങ്ങളെ വര്‍ഷങ്ങളോളം ദുരിതത്തില്‍ ആഴ്ത്തിയതല്ലാതെ എന്താണ് ഇതുകൊണ്ട് സര്‍ക്കാറിന് നേടാനായത്? കള്ളപ്പണം നിരോധിക്കാനായില്ല. മൂന്നുനാല് ലക്ഷം കോടി രൂപയെങ്കിലും തിരിച്ചു വരില്ലെന്നും അത്രയും കള്ളനോട്ടുകളുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ നിരോധിച്ച 15.41 ലക്ഷം കോടി രൂപയില്‍ തിരിച്ചെത്താത്തത് വെറും 10,720 കോടി രൂപ മാത്രമാണ്. അഥവാ നിരോധിച്ച നോട്ടുകളുടെ വെറും 0.7 ശതമാനം മാത്രം. ഇന്ത്യയില്‍ കറന്‍സിയുടെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ വെറും അഞ്ച് ശതമാനം മാത്രമാണെന്നും ബാക്കിയെല്ലാം റിയല്‍ എസ്‌റ്റേറ്റിലും സ്വര്‍ണം അടക്കമുള്ള മറ്റു നിക്ഷേപങ്ങളിലുമാണെന്ന് നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന ആര്‍ ബി ഐ ബോര്‍ഡ് യോഗത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്. അതിനു നേരേ മുഖം തിരിച്ചും അക്കാര്യം മറച്ചുവെച്ചുമാണ് നരേന്ദ്ര മോദി നോട്ട് നിരോധനവുമായി മുന്നോട്ടു പോയത്.
നോട്ടുനിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമായി ചൂണ്ടിക്കാണിച്ചിരുന്ന പണരഹിത സമ്പദ് വ്യവസ്ഥയിലും കാര്യമായ വളര്‍ച്ചയുണ്ടായില്ല. റിസര്‍വ് ബേങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം നോട്ട് നിരോധനത്തിന് ഉടനെ ഡിജിറ്റല്‍ ഇടപാടുകള്‍ അല്‍പ്പം ഉയര്‍ന്നെങ്കിലും പിന്നീട് അത് താഴ്ന്നു. ഇപ്പോള്‍ മാസം തോറും ഡിജിറ്റല്‍ ഇടപാടിന്റെ തോത് കുറഞ്ഞു വരികയാണ്. തുടക്കത്തില്‍ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വരുത്താനിരിക്കുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മോദിയും ബി ജെ പി നേതാക്കളും ഇപ്പോള്‍ അതേക്കുറിച്ചൊന്നും പറയാറില്ലെന്നത് ശ്രദ്ധേയമാണ്. അതൊരു ഭീമാബദ്ധമായിപ്പോയെന്ന് അവര്‍ക്കു തന്നെ ബോധ്യപ്പെട്ടിരിക്കുന്നു ഇപ്പോള്‍. ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന സാമ്പത്തിക നടപടികള്‍ക്കു തുനിയുമ്പോള്‍ അതു സംബന്ധിച്ച് നന്നായി ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് ഉപദേശം തേടേണ്ട വിദഗ്ധരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുകയും വേണം. അത് രണ്ടും ചെയ്തില്ലെന്നതാണ് ബി ജെ പി സര്‍ക്കാറിനു സംഭവിച്ച തെറ്റ്. വീണ്ടുവിചാരമില്ലാത്ത നടപടിയായിപ്പോയി നോട്ടുനിരോധനമെന്ന് അന്നേ മിക്ക സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയതാണ്.