Kerala
കൊവിഡ് പ്രതിരോധത്തിലടക്കം കേരള സര്‍ക്കാര്‍ തികഞ്ഞ പരാജയം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

കൊച്ചി | സംസ്ഥാനത്തെ എല്ലാ പദ്ധതിനിര്‍വഹണവും കൈകാര്യം ചെയ്യുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന്റേത് എന്ത്തരം ബജറ്റാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.
സിപിഎമ്മും എസ്ഡിപിഐയുമായി രഹസ്യസഖ്യമുണ്ട്. രാഷ്ട്രീയ കൊലകള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. കൊവിഡ് പ്രതിരോധത്തിലടക്കം കേരള സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍നിന്നും പാര്‍ലമെന്റില്‍ ബിജെപിയുടെ പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. കേരളത്തിലെ ദേശീയ പാതക്ക് സര്‍ക്കാര്‍ നീക്കിവെച്ചത് 65000 കോടി രൂപയാണ്. കൊച്ചി മെട്രോക്ക് 1957 കോടി രൂപ കൊടുത്തു. 5070 കോടി രൂപയാണ് പുഗല്ലൂര്‍-തൃശ്ശൂര്‍ ട്രാന്‍സ്മിഷന്‍ പ്രോജക്ടിനായി നല്‍കിയത്. കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കര വാട്ടര്‍ ട്രീറ്റ്മെന്റ് എന്നിവയെല്ലാം അടക്കമാണിതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു