Connect with us

Kerala

കേരളത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പ്: പ്രധാനമന്ത്രി

Published

|

Last Updated

കൊച്ചി| കേരളത്തിന്റേയും കൊച്ചിയുടേയും വികസനത്തിന് സാഹയകരമാകുന്ന 6100 കോടിയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. കേരളത്തിന്റേയും രാജ്യത്തിന്റേയും വികസന ആഘോഷമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വയം പര്യാപതതയിലേക്കുള്ള ചുവടുവെപ്പാണ്. കൊച്ചി വ്യാപരത്തിന്റെ നഗരമാണ്. പ്രാദേശിക വിനോദ സഞ്ചാര മേഖലയില്‍ വലിയ തൊഴില്‍ സാധ്യതയാണ് പുതിയ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നതെന്നും മോദി പറഞ്ഞു.

ബി പി സി എല്ലിന്റെ പെട്രോകെമിക്കല്‍ പ്ലാന്റ്‌
സമര്‍പ്പണം, കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ “സാഗരിക”യുടെ ഉദ്ഘാനം, തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം, വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണം എന്നിവയാണ് കൊച്ചിയിലെ വേദിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചത്.

സമുദ്രമേഖലയില്‍ വലിയ വികസനമാണ് കൊച്ചിയിലെ വിവിധ പദ്ധതികളിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പദ്ധതികളാണിത്. ആയിരങ്ങള്‍ക്ക് ജോലിയും ലഭിക്കും. കേരളത്തിന് സഹായകരമാകുന്ന നിരവധി പദ്ധതികള്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോക്ക് വലിയ തുക വകയിരുത്തി. വന്ദേഭാരത് മിഷന്‍ വഴി ഗല്‍ഫില്‍ കുടുങ്ങിയ മലയാളികെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി വ്യവസായിക വളര്‍ച്ചക്ക് വേണ്ട ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസന കാര്യത്തില്‍ സ്വകാര്യ വത്ക്കരണങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ കാണേണ്ട വഴികള്‍. പൊതുമേഖലയെ ശാക്തീകരിച്ചും വ്യവസായിക വളര്‍ച്ചകൈവരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി പി സി എല്ലിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്ര നടപടി പുരോഗമിക്കുന്നതിനിടെയാണ് മോദിയെ വേദിയിലിരുത്തി മുഖ്യമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്.

നിശ്ചയിച്ച സമയത്തിലും അരമണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. 2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി. പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നത്. ഇതിന് ശേഷം ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

Latest