Connect with us

National

ഇന്ത്യയില്‍ ട്വിറ്റർ ഇനിയെത്രകാലം?; പകരം 'കൂ'വിനെ അവതരിപ്പിച്ച് ബി ജെ പി

Published

|

Last Updated

ഇന്ത്യയില്‍ ട്വിറ്ററിന് ഇനിയെത്രകാലം? കേന്ദ്രസര്‍ക്കാരും മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററും തമ്മിലുള്ള യുദ്ധം പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍ സജീവമാകുന്ന ചോദ്യമാണിത്.

കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ട്വിറ്റർ പൂര്‍ണമായി നടപ്പിലാക്കാത്തതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ട്വിറ്ററിനെ പിടിച്ചുകെട്ടാനുള്ള നടപടികള്‍ കേന്ദ്രം ഉടന്‍ കൈക്കൊണ്ടേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.

“ഇരട്ടത്താപ്പ് അനുവദിക്കില്ല”

ട്വിറ്ററിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്ര ഐടി മന്ത്രി ശിവശങ്കർ പ്രസാദ്‌ ഇന്ന് പാർലമെന്റിൽ പ്രതികരിച്ചത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്. ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾ ഇവിടുത്തെ നിയമങ്ങൾ പാലിക്കണമെന്നും അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊരു നിലപാടുമായി പ്രവർത്തിക്കുക എന്ന കമ്പനികളുടെ നയം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ട്വിറ്ററുമായി തുറന്ന പോര്

ട്വിറ്ററുമായി ഒരു തുറന്ന പോരാട്ടത്തിന് കേന്ദ്രം ഒരുങ്ങുന്നു എന്ന് വിലയിരുത്തുന്നവരുണ്ട്. ഖാലിസ്ഥാൻ ബന്ധമുള്ളതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതുമായ അക്കൗണ്ടുകൾ എന്ന് ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നുവെങ്കിലും ട്വിറ്റർ വഴങ്ങിയില്ല. സർക്കാർ നിർദേശിച്ചതിൽ ഒരു വിഭാഗം അക്കൗണ്ടുകൾ മാത്രമാണ് ട്വിറ്റർ ഒഴിവാക്കിയത്. ഇവ ഇന്ത്യയ്ക്ക് പുറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു. മാധ്യമ സ്ഥാപനങ്ങൾ, മധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനാകില്ലെന്നും അത് ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നും ട്വിറ്റർ നിലപാടറിയിച്ചു. ട്വിറ്ററിന്റെ ഈ മറുപടി കേന്ദ്രത്തിന് വലിയ തിരിച്ചടിയായി.

ചർച്ചകൾ നടന്നുകൊണ്ടിരിക്കെ വിഷയത്തിൽ പ്രതികരിച്ച ട്വിറ്ററിന്റെ നടപടി അസാധാരണമെന്നായിരുന്നു കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പാർലമെൻറിൽ കടുത്ത വിമർശനം ട്വിറ്ററിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

ചൊടിപ്പിച്ചത് ഒരൊറ്റ ലൈക്ക്

കർഷക സമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ റിഹാന ഇന്ത്യൻ ഭരണകൂടത്തെ വിറപ്പിച്ചു എന്ന മാധ്യമപ്രവർത്തക കാരൻ ആറ്റിയയുടെ ട്വീറ്റിന് ലൈക് ചെയ്ത ട്വിറ്റര് സി ഇ ഒയുടെ നടപടിയും കേന്ദ്രത്തിന്റെ അനിഷ്ടത്തിനിടയാക്കി.

ഇങ്ങനെ ട്വിറ്ററും കേന്ദ്രവും തുറന്ന വാഗ്വാദത്തിലേർപ്പെടുന്ന ഘട്ടത്തിലാണ് ഇന്ത്യയിൽ ട്വിറ്റർ നിരോധിക്കപ്പെടുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണകൂട വിമർശനങ്ങളുടെ വായ മൂടിക്കെട്ടാൻ പല രാജ്യങ്ങളിലും ഇതിന് മുൻപ് ട്വിറ്ററിനെ നിരോധിച്ച അനുഭവവും നമ്മുക്ക് മുന്നിലുണ്ട്.

പകരം ബി ജെ പിയുടെ “കൂ

ട്വിറ്ററിനെതിരെയായ കേന്ദ്രത്തിന്റെ തുറന്ന പോരിനിടെയാണ് ട്വിറ്ററിന് ബദൽ എന്ന നിലയിൽ കൂ എന്ന ആപ്ലിക്കേഷനെ ബി ജെ പി കേന്ദ്രങ്ങൾ തന്നെ പരിചയപ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ ആത്മനിർഭർ ആപ്പ് ചലഞ്ചിൽ വിജയിച്ച ബെംഗളൂരു ആസ്ഥാനമായ ബോംബിനെറ്റ് ടെക്‌നോളജീസാണ് “കൂ” എന്ന ആപ്പിന് പിന്നിൽ.

ട്വിറ്ററിന് സമാനമായ ശൈലിയിൽ അവതരിപ്പിച്ച കൂ വിലേക്ക് മാറാൻ ബി ജെ പി നേതാക്കൾ ആഹ്വാനം ചെയ്ത്‌ കഴിഞ്ഞു. കേന്ദ്ര ഐ ടി മന്ത്രി ശിവശങ്കർ പ്രസാദ്, കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ പ്രമുഖർ “കൂ” വിൽ അക്കൗണ്ട് ആരംഭിച്ചു. ദേശീയ തലത്തിൽ “കൂ” വിനെ ജനകീയമാക്കാൻ ബിജെപി ഓനൗദ്യോഗിക ക്യാമ്പയിനും തുടങ്ങിയെന്നാണ് വിവരം. എന്നാൽ, ട്വിറ്ററിനെ രാജ്യത്ത് നിരോധിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണോ ഇതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.
ഇന്ത്യയിൽ അത് എളുപ്പമാകില്ലെന്ന് ബിജെപി സർക്കാരിനും നന്നായറിയാം. വിമർശിക്കുന്നവരെ എതിരാളികളാക്കുന്നതിന് പകരം വിമർശനങ്ങളിലെ ഗൗരവം തിരിച്ചറിഞ്ഞ് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാകണം ഭരകൂടങ്ങൾ നടത്തേണ്ടത്.

Latest