Connect with us

Cover Story

സൗഹൃദം സാഹിത്യം സ്നേഹഭവനം

Published

|

Last Updated

സ്വന്തമായ ഒരു വീടിനെക്കുറിച്ച് മനസ്സിൽ സങ്കൽപ്പങ്ങൾ നെയ്യുമ്പോൾ പലർക്കും പല ആശയങ്ങളും ഉണ്ടാകും. ജീവിതത്തിരക്കിൽ സ്വന്തമായി വീടെടുക്കാൻ സമയവും സൗകര്യവും കിട്ടിയില്ലെങ്കിലും കണ്ണൂർ പയ്യന്നൂരിലെ ടി പി ഭാസ്കര പൊതുവാൾ എന്ന അധ്യാപകൻ വിരമിക്കുമ്പോൾ കിട്ടിയ പണം സ്വരൂപിച്ച് ഒരു വീട് വാങ്ങി. പൂമുഖം കടക്കുമ്പോൾ വിശാലമായ ഒരു ഹാൾ വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ മോഹം. മലയാളത്തിലെ കൊലകൊമ്പന്മാരായ സാഹിത്യകാരന്മാർക്ക് വരാനും ഇരിക്കാനും സാഹിത്യം ചർച്ച ചെയ്യാനും സാഹിത്യത്തെ സ്നേഹിക്കുന്ന സഹൃദയർക്ക് അതിൽ പങ്കെടുക്കാനും സംവാദം നടത്താനും പറ്റിയ ഹാൾ. പ്രത്യേകിച്ച് മലയാള ഭാഷയെ സ്നേഹിക്കുന്ന കുട്ടികൾക്ക് ആ വീട്ടിൽ തന്റെ ഭാര്യ ഉണ്ടാക്കിയ നാടൻ ഭക്ഷണം കഴിച്ച് സാഹിത്യത്തിന്റെ ഒരു കുടുംബ സദസ്സ് ഉണ്ടാകണം. ഒരു പാഠശാലയാകുന്ന വീട്. ഒടുവിൽ ഭാസ്കര പൊതുവാൾ പയ്യന്നൂരിനടുത്ത അന്നൂരിൽ ഒരു വീട് കണ്ടെത്തി. പൂമുഖം കഴിഞ്ഞാൽ സാമാന്യം വലിയ ഹാൾ. ആ വീട് അങ്ങനെയാണ് മലയാള ഭാഷാ പാഠശാലയുടെ ആസ്ഥാനമായി മാറിയത്. ഈ വർഷം പാഠശാലക്ക് പതിനെട്ടാണ്ട് തികയുകയാണ്. ഇതിനകം ഭാസ്കര പൊതുവാളുടെ ആഗ്രഹം പോലെ ഇവിടെ മലയാളത്തിന്റെ പ്രിയപ്പെട്ടവരായ എത്രയോ എഴുത്തുകാരും കവികളുമെത്തി. മലയാളത്തെപ്പറ്റി സംസാരിച്ചു. സാഹിത്യം ചർച്ച ചെയ്തു. കുട്ടികളുമായി സംവദിച്ചു. പാട്ടുപാടിയും കൂടെ പാടിയും രസം നുകർന്നു. ചോദ്യവും ഉത്തരവുമായി അപൂർവതയുടെ മുഖാമുഖമൊരുക്കി. പിന്നെ ഭാര്യ ജാനകി ഉണ്ടാക്കിയ നാടൻ ഭക്ഷണത്തിന്റെ എരിവും പുളിയും രുചിച്ച് തൃപ്തരായി മടങ്ങി. ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കാം ഇത്തരം സൗഹൃദ സാഹിത്യ ഭവനം. അതാണ് ടി പി ഭാസ്കര പൊതുവാളുടെ ഈ മലയാള ഭാഷാ പാഠശാലാ വീട്.

കേരളത്തിലെ ഒരു സാംസ്കാരിക സ്ഥാപനവും ഇത്രയും സാഹിത്യ കലാനായകരെ ഒറ്റ കേന്ദ്രത്തിൽ, അതും ഒരു വീട്ടിലെത്തിച്ച് പരിപാടികൾ സംഘടിപ്പിച്ചിട്ടില്ല എന്ന് ടി പി ഭാസ്കര പൊതുവാൾ എന്ന ഭാഷാ സ്നേഹിയായ പ്രതിഭാശാലി സാക്ഷ്യപ്പെടുത്തുമ്പോൾ അത് മലയാള ഭാഷയുടെ കർമ വഴിയിലെ കാവലാളായി മാറിയ സമർപ്പണ ജീവിതമാണ് മലയാള ഭാഷ പാഠശാലയിലൂടെ മലയാളിക്ക് പകർന്നു നൽകുന്നത്. ഗൗരവക്കാരനായ എം ടി വാസുദേവൻ നായരും, സരയുവിലേക്ക് കവിത ചൊല്ലി ഒ എൻ വി, വാക്കുകൾ പൊള്ളുന്ന ചാട്ടവാറടികളാക്കി ഡി വിനയചന്ദ്രൻ, പ്രഭാഷണത്തിന്റെ തുടിയും പെരുമ്പറയും തീർത്ത അഴീക്കോട്, നാടൻ പാട്ടിന്റെ ശീലുകൾ കൊട്ടിപ്പാടി കാവാലം, ശുദ്ധ സംഗീതം പകർന്ന ദക്ഷിണാമൂർത്തി സ്വാമികൾ…. അങ്ങനെ എത്രയോ പേർ. ആർക്കും അങ്ങനെയൊന്നും വഴങ്ങിക്കൊടുക്കാത്ത ടി പത്മനാഭനെയും ടി പി ഭാസ്കര പൊതുവാൾ പരിപാടിക്കെത്തിച്ചു. പിന്നെ സൗമ്യനായി എം മുകുന്ദൻ മയ്യഴിയെ കുറിച്ച് സംസാരിക്കാൻ പാഠശാലയിലെത്തി. മലയാള സിനിമയുടെ മാസ്റ്റർ അടൂർ ഗോപാലകൃഷ്ണൻ, നാടക ഇതിഹാസം കെ ടി മുഹമ്മദ്, ഒരു സങ്കീർത്തനം പോലെ വന്ന് കഥകളുടെ കെട്ടഴിച്ച പെരുമ്പടവം, പുനത്തിൽ കുഞ്ഞബ്ദുല്ല, നോവലിസ്റ്റ് പി വത്സല, ഉടുക്ക് കൊട്ടി പാടി നെടുമുടി വേണു, കവിതയുടെ ലഹരി ഉയർത്തി വി മധുസൂദനൻ നായർ, സൂര്യ കൃഷ്ണമൂർത്തി, വൈശാഖൻ, ചെമ്മനം ചാക്കോ അടക്കം നിരവധി പേർ… ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട കലാ നായകന്മാർ പാഠശാലയിലെ സന്ദർശകരാണ്.

മധുരം മധുരം മലയാളം

മലയാളത്തിന്റെ സൗഭാഗ്യമായി, ഉണർത്തുപാട്ടായി നിൽക്കുന്ന മലയാള ഭാഷ പാഠശാലയും ഭാസ്കരൻ മാഷും കൂടി ചേർന്ന് ഒരുക്കുന്ന “മധുരം മധുരം മലയാളം” മലയാള ഭാഷയുടെ സുവർണചരിത്രത്തിലെ മിന്നുന്ന അധ്യായമാണ്. മലയാള ഭാഷയുടെ അഴകും ആശയവും പീലി വിടർത്തിയാടുന്ന അതിമനോഹരവും ലളിത സുന്ദരവുമായ പഠന പക്രിയയിലൂടെ ഉളവാകുന്ന ഒരനുഭൂതിയാണ് കവിതയിലൂടെയും കഥയിലൂടെയും പ്രഭാഷണ കലയിലൂടെയും ഭാസ്കരൻ മാഷും മലയാള ഭാഷാപാഠശാലയും മലയാളിക്ക് സമ്മാനിക്കുന്നത്. മാഷ് അതിവിദഗ്ധവും ഹൃദയഹാരിയുമായി ഭാഷയുടെ ഉൾക്കാമ്പുകൾ രാഗതാളമേളങ്ങളോടെ കോർത്തിണക്കി അവതരിപ്പിക്കുമ്പോൾ മലയാളികൾ ആദരവോടെയാണ് ഭാസ്കരൻ മാഷെയും മലയാള ഭാഷാ പാഠശാലയെയും വീക്ഷിക്കുന്നത്. മലയാള അധ്യാപക പദവിയിൽ നിന്നും വിരമിച്ച ശേഷമാണ് മലയാള ഭാഷാ പാഠശാല എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. മലയാള ഭാഷയുടെ സൗന്ദര്യത്തെ ആവിഷ്കരിക്കുന്നതിൽ പാഠശാല വൈവിധ്യമാർന്ന പരിപാടികളോടെ മാത്യകാ സ്ഥാപനമായി വളർന്നിരിക്കുന്നു. മലയാള ഭാഷാ പാഠശാല മലയാളത്തിന്റെ നാവാണെന്ന അഭിപ്രായമാണ് ഇവിടം സന്ദർശിച്ച സാഹിത്യ നായകന്മാർ പങ്കുവെക്കുക. ഇവിടം ഭാഷക്ക് വേണ്ടിയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളുടെ കലവറയാണ്. മലയാള ഭാഷയുടെ സൗന്ദര്യത്തിന്റെ മുഖം പാഠശാലയിൽ അനാവരണം ചെയ്യുന്നു. മങ്ങലേറ്റു പോകുന്ന മലയാള ഭാഷക്ക് പുത്തനുണർവിന്റെ കാൽവെപ്പുകളാണ് പയ്യന്നൂരിൽ പാഠശാലയിലൂടെ യാഥാർഥ്യമാകുന്നത്.

കൗതുകം കളിമുറ്റം

കളിമുറ്റം എന്ന പരിപാടി മലയാള ഭാഷാ പാഠശാല അവതരിപ്പിക്കുന്ന ഏറ്റവും കൗതുകകരമായ ഒന്നാണ്. ഇതിനകം ആയിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട പരിപാടിയാണ്. ഒരു ഗ്രാമം കൂട്ടായ്മയോടെ മധുര മലയാളം സൃഷ്ടിക്കുന്ന ക്രിയാത്മകമായ പ്രതികരണമാണ് കളിമുറ്റം. കുട്ടികളാണ് ഇതിലെ കഥാപാത്രങ്ങൾ. ജീവിതമാണ് അവതരിപ്പിക്കുന്ന കഥ. മധുരമായ മലയാള ഭാഷയാണ് അതിന്റെ ആണിക്കല്ല്. കളിമുറ്റത്തിന്റെ രീതി പുതുമയുള്ളതാണ്. തികച്ചും നാടകീയവും അപ്രതീക്ഷിതവുമായി ഒരു ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഒരു കൂട്ടം കുട്ടികൾ ഓടിക്കയറുന്നു. പിന്നീട് ചോദ്യവും ഉത്തരവുമൊക്കെയായി കുറെ സമയം വീടിന്റെ ഭാഗമായി കുട്ടികൾ മാറുന്നു. വൈകീട്ട് സ്കൂളിലെ പരിപാടി കാണാൻ വരണമെന്ന് വീട്ടുകാരെ ക്ഷണിക്കും. വൈകുന്നേരം ഒരോ വീടുകളിലേക്കും പോയ കുട്ടികൾ അവിടുത്തെ അനുഭവങ്ങൾ നാടകമാക്കി മാറ്റും. വീടും സ്വീകരണമുറിയും അടുക്കളയും തങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനലോകത്ത് തുറസ്സായ ഗൃഹാന്തരീക്ഷത്തെ പുറത്തുകൊണ്ടുവരുന്നു കളിമുറ്റത്തിലൂടെ കുട്ടികൾ. ഒരു സ്കൂളിലെ കുട്ടികളെ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് കളിമുറ്റം അവതരിപ്പിക്കുന്നത്. കേരളത്തിൽ അപൂർവമാണ് ഇത്തരം പരിപാടി. ഭാഷയെ വ്യത്യസ്തമായ രീതിയിൽ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. അതിന് കുട്ടികൾ തന്നെയാണ് ആവശ്യമെന്നും ഭാസ്കരൻ മാഷ് പറയുന്നു.

പാഠശാലയുടെ ഭാഷാവിരുന്നാണ് സ്നേഹാക്ഷര സംഗമം. കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ കേരളത്തിലെ നിരവധി വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞ ഈ പരിപാടി ഡൽഹിയിലും ബെംഗളൂരുവിലും മുംബൈയിലും ഗോവയിലും ചെന്നൈയിലും അവതരിപ്പിച്ച് പ്രശംസ നേടുകയുണ്ടായി. സദസ്സിനെ മൊത്തം പങ്കെടുപ്പിക്കുന്ന പരിപാടിയാണ് സ്നേഹാക്ഷര സംഗമം.

തിരിച്ചറിവ് പഠിപ്പിക്കുന്ന
ഗുരുനാഥൻ

വേറിട്ട വ്യക്തിത്വമാണ് പാഠശാലാ ഡയറക്ടർ ഭാസ്കരൻ മാഷിന്റെത്. അറിവിന് മേലെയാണ് തിരിച്ചറിവ് എന്ന് പഠിപ്പിക്കുന്ന ഗുരുനാഥൻ. ഭാഷയുടെ സമ്പന്നമായ പൈതൃകത്തിൽ ചവിട്ടി നിന്നുകൊണ്ട് മലയാളത്തിലെ ആധുനിക മഹാ കവികളുടെ എണ്ണപ്പെട്ട പ്രൗഢമായ കവിതകളിലെ സുന്ദരമായ വരികൾ സന്ദർഭോചിതമായി ചിട്ടപ്പെടുത്തി ചൊല്ലാനുള്ള മിടുക്ക് മാഷിന്റെ പ്രത്യേകതയാണ്. മലയാള ഭാഷയുടെ പഴയ സംസ്കൃതിയുടെ മേന്മ ഉയർത്തിപ്പിടിക്കുന്ന വരികളെടുത്ത് മാഷ് പുതിയ കാലത്തിനു വേണ്ട പ്രകാശം തെളിയിക്കുന്നു. കേൾവിക്കാരിൽ മലയാള ഭാഷയുടെ ഓജസ്സ് പകർന്നു നൽകുന്നു. കവിതയിലൂടെ തുടങ്ങി നാടകത്തിലൂടെ നടന്ന് സ്വന്തം വീടിന്റെ അകത്തളത്തിൽ സാഹിത്യത്തിന്റെ വലിയ ലോകം സ്വന്തമാക്കിയ മാഷ് 1945ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കൈതപ്രം ഗ്രാമത്തിലാണ് ജനിച്ചത്. സംസ്കൃത പണ്ഡിതനായ എ വി രാമപൊതുവാളിന്റെയും പുത്തലത്ത് മാണിക്കം അമ്മയുടെയും അഞ്ച് മക്കളിൽ നാലാമൻ. ഭാര്യ: എ വി ജാനകി. രണ്ട് മക്കൾ ബിന്ദുവും ബിജുവും.

1964 ൽ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിൽ അധ്യാപകനായി. 36 വർഷം അധ്യാപകൻ. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി. െബംഗളൂരു ക്രിസ്റ്റൽ ഗ്രൂപ്പിന്റെ അക്ഷര സേവാ നാഷനൽ അവാർഡ്, മലയാളം മിഷൻ ഒമാൻ ചാപ്പ്റ്ററിന്റെ പ്രഥമ ഭാഷാ തിലക് പുരസ്കാരം, പി എൻ പണിക്കർ സൗഹൃദ ട്രസ്റ്റിന്റെ അക്ഷരശ്രീ പുരസ്കാരം, കൊയിലാണ്ടി തൃക്കോവിൽ ക്ഷേത്രം ഭാഷാ പണ്ഡിതരത്നം, സ്നേഹ സ്പർശം അവാർഡ് , ചിറക്കൽ മതിലകത്തിന്റെ ആദ്യത്തെ ചെറുശ്ശേരി അവാർഡ്, മലയാളം ഒമാൻ ചാപ്പ്റ്ററിന്റെ ശ്രേഷ്ഠ ഭാഷാ പുരസ്കാരം എന്നിവ ഈ ഭാഷാ പ്രേമിയെ തേടിയെത്തിയ ബഹുമതികളാണ്. വാർത്താ സാന്ത്വനം മാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ് മാഷ്. നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 40 വർഷം മുമ്പ് 1978ൽ മാഷ് എഴുതി സംവിധാനം ചെയ്ത ഉദയ സംക്രാന്തി എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഇന്നും കാലികപ്രസക്തിയുള്ള ഈ നാടകം രണ്ട് വർഷം മുമ്പ് ആദ്യ അരങ്ങേറ്റത്തിൽ അഭിനയിച്ച ആളുകളെ കൊണ്ട് വീണ്ടും രംഗത്ത് എത്തിച്ചത് ശ്രദ്ധേയമായിരുന്നു. അതിനു ശേഷം ഗൾഫ് നാടുകളിലും ഉദയസംക്രാന്തി നിരവധി വേദികളിൽ അവതരിപ്പിച്ചു.

സിദ്ധാന്തങ്ങളിലൂടെയും വ്യാകരണങ്ങളിലൂടെയുമല്ല ജീവിതത്തെ അറിയേണ്ടത്, അനുഭവങ്ങളിലൂടെയാണ്. ഈ കാര്യത്തിൽ ഭാഷക്ക് അതിന്റെ പ്രസക്തിയും ഉത്തരവാദിത്വവും ഉണ്ട്. സ്വന്തം വീട്ടകം മലയാള ഭാഷയുടെ പ്രോത്സാഹത്തിനു മാറ്റി വെച്ച മാഷും പാഠശാലയും വരുംതലമുറക്ക് പകർന്നു നൽകിയ ഭാഷാ സ്നേഹം അമൂല്യമാണ്. അമ്മയെ പോലെ ഭാഷയെ സ്നേഹിക്കാൻ പഠിപ്പിച്ച പാഠശാലാ വീട് ഒരോ മലയാളിയുടെയും അഭിമാനസ്തംഭമാണ്.

.

Latest