Connect with us

Editorial

പട്ടിണിയകറ്റിയിട്ടാകാം പുതിയ പാര്‍ലിമെന്റ് മന്ദിരം

Published

|

Last Updated

നോട്ടുനിരോധനവും കൊവിഡ് പ്രതിസന്ധിയും രാജ്യത്ത് സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടെ കോടികള്‍ മുടക്കി അത്യാര്‍ഭാടത്തിന്റെ പുതിയ പാര്‍ലിമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ വിമര്‍ശം കനക്കുകയാണ്. ടോളിവുഡ് താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. കൊവിഡ് വ്യാപനത്തില്‍ ജീവിത മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതിയോളം വരുന്ന ജനവിഭാഗം പട്ടിണിയോട് പൊരുതിക്കൊണ്ടിരിക്കെ 1,000 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണെന്നദ്ദേഹം ചോദിക്കുന്നു. ചൈനയിലെ പഴയ ഭരണ കാലമാണ് ഇത് കാണുമ്പോള്‍ ഓര്‍മയിലെത്തുന്നത്. ചൈനാ വന്‍മതില്‍ പണിയുമ്പോള്‍ തൊഴിലാളികളോടും ജനങ്ങളോടും അന്നത്തെ ഭരണാധിപര്‍ പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിലെന്നായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് മതിലിന്റെ പണിക്കിടെ മരിച്ചുവീണതെന്ന് കമല്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഇതുപോലുള്ള ചെലവേറിയതും അനിവാര്യമല്ലാത്തതുമായ പദ്ധതികള്‍ ഭൂഷണമല്ലെന്ന് കാണിച്ച് 60 ഉന്നതോദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. കെട്ടിട നിര്‍മാണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട് ചിലര്‍.

പുതിയ പാര്‍ലിമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ഈ മാസം പത്തിന് പ്രധാനമന്ത്രി മോദി നിര്‍വഹിക്കുകയുണ്ടായി. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ത്രികോണാകൃതിയില്‍ ഉയരുന്ന ഈ കെട്ടിടം നവീനവും സ്വാശ്രയ ഇന്ത്യയുടെ പ്രതീകവും രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ധന്യമായ തെളിവും നവ ഇന്ത്യയുടെ അഭിലാഷങ്ങളെ അടയാളപ്പെടുത്തുന്നതുമായിരിക്കുമെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ മോദി അവകാശപ്പെട്ടു. നിലവില്‍ പാര്‍ലിമെന്റ് മന്ദിരത്തിനാണ് തറക്കല്ലിട്ടതെങ്കിലും വിവിധ മന്ത്രാലയങ്ങളുള്‍പ്പെടെ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന “സെന്‍ട്രല്‍ വിസ്ത” പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിഭവനും യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റിനുമിടയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നീണ്ടുകിടക്കുന്നതാണ് നിശ്ചിത പദ്ധതി. പാര്‍ലിമെന്റ് കെട്ടിടം പണി 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം താത്കാലികമായി തടഞ്ഞിട്ടുണ്ട് സുപ്രീം കോടതി.

സന്‍സദ് ഭവന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട വൃത്താകൃതിയിലുള്ള നിലവിലെ പാര്‍ലിമെന്റ് മന്ദിരം മനോഹരമാണ്. ബ്രിട്ടീഷ് വാസ്തുശില്‍പ്പികളായിരുന്ന എഡ്വിന്‍ ല്യൂട്ടിന്‍സും ഹെര്‍ബര്‍ട്ട് ബെക്കറും രൂപകല്‍പ്പന ചെയ്തതും 1927ല്‍ അന്നത്തെ വൈസ്രോയി ഇര്‍വിന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതുമായ സന്‍സദ് ഭവന് 93 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഒരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നാണ് പ്രമുഖ വാസ്തുശില്‍പ്പികളും എന്‍ജിനീയര്‍മാരും പറയുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ ഈ കെട്ടിടമുപേക്ഷിച്ച് മറ്റൊരു പാര്‍ലിമെന്റ് മന്ദിരം പണിയേണ്ടതിന്റെ ആവശ്യമെന്താണ്? രാജ്യത്തിന്റെ സാമ്പത്തിക മേഖല മൊത്തം തകര്‍ച്ചയിലാണ്. കൊവിഡും ലോക്ക്ഡൗണും കടുത്ത ആഘാതമാണ് സാധാരണക്കാരുടെ ജീവിതത്തില്‍ ഏല്‍പ്പിച്ചത്. കൊവിഡ് ആഘാതത്തെക്കുറിച്ച് ഹംഗര്‍ വാച്ച് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഡല്‍ഹി, തെലങ്കാന, തമിഴ്‌നാട് എന്നീ 11 സംസ്ഥാനങ്ങളിലെ 45 ശതമാനം പേരും ഭക്ഷ്യാവശ്യത്തിന് കടം വാങ്ങേണ്ട അവസ്ഥയിലാണെന്നാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കി അഞ്ച് മാസം പിന്നിട്ടിട്ടും ഇവരുടെ പട്ടിണിക്ക് പരിഹാരമായില്ല. ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നും മറ്റും നാടണഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ ജോലിയില്ലാതെയും വരുമാന മാര്‍ഗം അടഞ്ഞും കഷ്ടപ്പാടിലാണ്. ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 97ാമതാണ് ഇന്ത്യയുടെ സ്ഥാനം. യഥാക്രമം 75ഉം 88ഉം സ്ഥാനങ്ങളിലുള്ള ബംഗ്ലാദേശും പാക്കിസ്ഥാനും നമ്മേക്കാള്‍ ഭേദമാണ്. രാജ്യത്തെ ജനകോടികളുടെ പട്ടിണിക്ക് പരിഹാരമുണ്ടാക്കിയിട്ട് പോരേ അത്യാഡംബരത്തിന്റെ പുതിയ പാര്‍ലിമെന്റ് കെട്ടിടം പണിയാന്‍?

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും, എട്ട് മാസം കടന്നു പോയിട്ടും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്. ഈയിനത്തില്‍ ഇതുവരെയായി പത്ത് ശതമാനത്തോളം തുകയേ വിതരണം ചെയ്തിട്ടുള്ളൂവെന്നാണ് പുണെയിലെ വ്യവസായിയായ പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ കേന്ദ്രം അറിയിച്ചത്. അടിയന്തര വായ്പാ സംവിധാനമാണ് പാക്കേജിലെ ഒരിനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി ഈയിനത്തില്‍ വിതരണം ചെയ്തത് 1.20 ലക്ഷം കോടിയും. ഇതനുസരിച്ച് 130 കോടിയിലധികം ഇന്ത്യന്‍ ജനതയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വായ്പ ഒമ്പത് രൂപയായിരിക്കും. ഇതാണ് കൊട്ടിഘോഷിച്ച പാക്കേജിന്റെ കഥ. ഇത്തരമൊരു സാഹചര്യത്തിലാണ് 1,000 കോടിയുടെ പാര്‍ലിമെന്റ് മന്ദിരം പണിയുന്നതെന്നോര്‍ക്കണം. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ചേരികളില്‍ ദുരിത ജീവിതം നയിക്കുകയാണ്. അവര്‍ക്ക് സുരക്ഷിതമായി കഴിയാന്‍, മനസ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ വീടില്ല. പുറംപോക്കില്‍ ഷീറ്റുകൊണ്ട് മറച്ച ചെറ്റക്കുടിലിലാണ് അവരുടെ താമസം. പീടികത്തിണ്ണയിലും ബസ് സ്റ്റോപ്പുകളിലുമാണ് പതിനായിരങ്ങള്‍ അന്തിയുറങ്ങുന്നത്. ട്രംപിനെ പോലുള്ള വിദേശ ഭരണാധികാരികള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മതില്‍ കെട്ടി അവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചുപിടിച്ചതുകൊണ്ട് ചേരിനിവാസികളുടെ ദുരിതത്തിന് അറുതിയാകില്ലല്ലോ. മനോഹരമായ പഴയ പാര്‍ലിമെന്റ് കെട്ടിടത്തെ വഴിയാധാരമാക്കി പുതിയ കെട്ടിടം പണിത് ബി ജെ പി സര്‍ക്കാറിന്റെ നേട്ടമായി എണ്ണുമ്പോള്‍, ദുരിത ജീവിതം നയിക്കുന്ന ചേരിനിവാസികളുടെയും ദളിതരുടെയും സാധാരണക്കാരന്റെയും ജീവിതത്തിലേക്ക് ഒന്നു കണ്ണയക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണം മോദിയും കൂട്ടരും.