Editorial
ആ പേരിടല്‍ കേരളത്തിന് അപമാനമാണ്

തനി ധിക്കാരമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ ജി സി ബി) തിരുവനന്തപുരത്തെ പുതിയ ക്യാമ്പസിന് എം എസ് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര തീരുമാനം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളോടുള്ള അവഹേളനവുമാണിത്. ആര്‍ എസ് എസ് താത്വികാചാര്യനാണ് ഗോള്‍വാള്‍ക്കര്‍. രാജ്യത്ത് സാമുദായിക ധ്രുവീകരണവും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതിന് ശ്രമിച്ച ഏറ്റവും വലിയ വര്‍ഗീയവാദി എന്നതിലപ്പുറം ശാസ്ത്രത്തിനോ രാജ്യത്തിനോ എന്ത് സംഭാവനയാണ് അയാള്‍ നല്‍കിയത്? അന്താരാഷ്ട്ര നിലവാരത്തില്‍ സ്ഥാപനത്തെ വികസിപ്പിക്കുന്നതിനുവേണ്ടി കേരളം 2007ല്‍ കേന്ദ്രത്തിന് വിട്ടുകൊടുത്ത ആര്‍ ജി സി ബിക്ക് “ഇന്ത്യന്‍ ഹിറ്റ്‌ലറു”ടെ പേര് നല്‍കുന്നത് നാടിനെയും സ്ഥാപനത്തെയും അപമാനിക്കലാണ്. ഒരു ആര്‍ എസ് എസ് കേന്ദ്രത്തിനോ ബി ജെ പി ആസ്ഥാനത്തിനോ പേരിടുന്നതു പോലെയല്ല രാജ്യത്തെ പൊതു ഉടമയിലുള്ള സ്ഥാപനത്തിന് പേരിടുന്നത്. അത് രാജ്യം തുടര്‍ന്നു വരുന്ന മതേതര സംസ്‌കാരത്തിനും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും അനുയോജ്യമായിരിക്കണം.
സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ജനാധിപത്യ, മതേതര കാഴ്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്ത ദേശദ്രോഹിയായിരുന്നു ഗോള്‍വാള്‍ക്കര്‍. ഹെഡ്‌ഗേവാറുടെ പാത പിന്തുടര്‍ന്ന് ബ്രിട്ടീഷ് വിരുദ്ധ സമരത്തെ പിന്തിരിപ്പന്‍ എന്നാണയാള്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസ്മൃതിയാണ് രാജ്യത്തിന്റെ അടിസ്ഥാന രേഖയാക്കേണ്ടതെന്നയാള്‍ വാദിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ആര്‍ എസ് എസുകാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപിത നയം. ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുന്ന എല്ലാ നടപടികളില്‍ നിന്നും മാറിനില്‍ക്കാന്‍ ഗോള്‍വാള്‍ക്കര്‍ അനുയായികളെ ഉപദേശിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരായിരുന്നില്ല, മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമായിരുന്നു ഇന്ത്യയുടെ ശത്രുക്കള്‍. ദേശീയ സമരം വിജയിക്കുമെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്നും അവസാന നിമിഷം വരെയും വിശ്വസിച്ചിരുന്നില്ല ഗോള്‍വാള്‍ക്കര്‍. 1947 ആഗസ്റ്റ് രണ്ടാം വാരത്തില്‍ പഞ്ചാബിലെ ഫഗ്വാരയില്‍ സംഘടിപ്പിച്ച ഒരു ആര്‍ എസ് എസ് ക്യാമ്പില്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയാണല്ലോ, ഇനി ആര്‍ എസ് എസിന്റെ പങ്ക് എന്തായിരിക്കും എന്ന ഒരു അംഗത്തിന്റെ ചോദ്യത്തിന് ഗോള്‍വാള്‍ക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു- “ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അധികാരം കൈയാളാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താന്‍ അവര്‍ക്കാകില്ല. അവര്‍ തന്നെ ബ്രിട്ടീഷുകാരോട് തിരിച്ചു വരാന്‍ കേണപേക്ഷിക്കും”. ഭരിക്കാന്‍ കഴിയാത്തവരും കൊള്ളാത്തവരുമാണ് ഗാന്ധിജി, നെഹ്‌റു തുടങ്ങിയ നേതാക്കളും ഇന്ത്യന്‍ ജനതയുമെന്നാണ് ഇതിലൂടെ അയാള്‍ വിലയിരുത്തിയത്. (രാജേന്ദ്ര ശര്‍മ/വര്‍ഗീയ വിദ്വേഷത്തിന്റെ സന്തതി)
കഴിഞ്ഞ വാരത്തില്‍ ആര്‍ ജി സി ബി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്റര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐ ഐ എസ് എഫ്) ആമുഖ സമ്മേളനത്തില്‍ സംസാരിക്കവെ കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് പ്രഖ്യാപിച്ചത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവക്കുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തില്‍ കൂടുതല്‍ പഠന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നത് അഭിനന്ദനാര്‍ഹമാണ്. ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മുടെ ഭരണഘടന തന്നെ ഊന്നിപ്പറയുന്നുണ്ട്. ശാസ്ത്രാവബോധം, മാനവികത, അന്വേഷണ ത്വര, പരിഷ്‌കരണ ആഭിമുഖ്യം എന്നിവ വളര്‍ത്തേണ്ടത് പൗരന്മാരുടെ മൗലിക കടമയാണെന്ന് ഭരണഘടന ഭാഗം നാല്, അനുഛേദം 51ല്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളോടെല്ലാം പുറംതിരിഞ്ഞു നിന്ന് രാജ്യത്തെ ഫാസിസ്റ്റ് വത്കരിക്കാനുള്ള യത്‌നത്തില്‍ മുഴുകിയ ഒരു വ്യക്തിയുടെ പേര് അതിന് നല്‍കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
ഇന്ത്യയെ ഹിന്ദുത്വവത്കരിക്കുകയും രാജ്യം അറപ്പോടെയും വെറുപ്പോടെയും വീക്ഷിക്കുന്ന വര്‍ഗീയ സംഘടനകള്‍ക്കും നേതാക്കള്‍ക്കും പൊതുബോധത്തില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്യാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് രാജ്യത്തെ റോഡുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഹിന്ദുത്വ നേതാക്കളുടെ പേരുകള്‍ നല്‍കി വരുന്ന പ്രവണത. സമൂഹത്തില്‍ വിഭാഗീയതയുടെ വിത്ത് പാകുകയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അടിത്തറ പാകുകയും ചെയ്ത വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന വി ഡി സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലിമെന്റില്‍ സ്ഥാപിക്കുക വഴി 2003ല്‍ അന്നത്തെ വാജ്പയി സര്‍ക്കാറാണ് ഈ വഴിക്കുള്ള നീക്കത്തിന് തുടക്കമിട്ടത്. മോദി സര്‍ക്കാര്‍ വന്നതോടെ ഈ പ്രയാണത്തിന് ആക്കം വര്‍ധിച്ചു. ഉത്തരേന്ത്യയില്‍ നിരവധി റോഡുകള്‍ക്കും പ്രദേശങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഹിന്ദുത്വ സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന നാമങ്ങള്‍ നല്‍കി. ഉത്തരേന്ത്യയില്‍ നിന്ന് വിഭിന്നമായി മതസൗഹാര്‍ദവും സഹിഷ്ണുതയും ഇന്നും കാര്യമായ ക്ഷതമേല്‍ക്കാതെ കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ് കേരളം. ബി ജെ പി ഭരണത്തിലും അതിനു മുമ്പും ഉത്തരേന്ത്യ വന്‍തോതില്‍ തീഷ്ണമായ വര്‍ഗീയതക്കും അസഹിഷ്ണുതക്കും വിധേയപ്പെട്ടപ്പോള്‍ പിടിച്ചുനിന്ന നാടാണിത്. സംസ്ഥാനത്തിന്റെ ഈ നല്ല അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുമ്പെടരുത്. വിശിഷ്യാ ഗാന്ധിജി വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഗാന്ധിജിയെ അധിക്ഷേപിച്ച് സംസാരിച്ച ഗോള്‍വാള്‍ക്കറെ ഉള്‍ക്കൊള്ളാന്‍ കേരളീയ ജനതക്കാകില്ല. കേന്ദ്രത്തിന്റെ ഈ വര്‍ഗീയ നീക്കത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും മതേതര സംഘടനകളും രംഗത്തുവന്നത് സ്വാഗതാര്‍ഹമാണ്. ആര്‍ ജി സി ബിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി സമ്മര്‍ദം തുടരേണ്ടതുണ്ട്.