Connect with us

National

അറബിക്കടലില്‍ മാസ്മരിക പ്രകടനങ്ങള്‍; ഇന്തോ-യുഎസ് രണ്ടാം മലബാര്‍ നാവികാഭ്യാസത്തിന് പരിസമാപ്തി

Published

|

Last Updated

ന്യൂഡല്‍ഹി | അറബിക്കടലിന്റെ ഓളപ്പരപ്പുകളെ പ്രകമ്പനം കൊള്ളിച്ച വിസ്മയ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ നാല് ദിവസം നീണ്ടുനിന്ന, ഇന്ത്യ-യുഎസ് നാവികസേനയുടെ രണ്ടാം ഘട്ട മലബാര്‍ നാവികാഭ്യാസത്തിന് സമാപനം. ഇന്ത്യയുടെയും അമേരിക്കയുടെയും നാവികകരുത്ത് വിളിച്ചറിയിച്ച അഭ്യാസത്തില്‍ ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നാവികസേനകളും പങ്കാളികളായിരുന്നു.

ഇന്ത്യന്‍ നാവികസേനയുടെ 44,500 ടണ്‍ ശേഷിയുള്ള ഐഎന്‍എസ് വിക്രമാദിത്യ, യുഎസിന്റെ, 1,00,000 ടണ്‍ ന്യൂക്ലിയര്‍ വാഹക യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനിക്കപ്പലുകളായിരുന്നു വ്യോമാഭ്യാസത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇരു കപ്പലുകളില്‍ നിന്നും നിരവധി യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നുയര്‍ന്ന് യുദ്ധതന്ത്രങ്ങള്‍ പയറ്റി. ഇന്ത്യയുടെ മിഗ് 29 ഫൈറ്റര്‍ ജെറ്റുകളും യുഎസിന്റെ എഫ്/എ 18, ഇ-2സി ഹൗകിയും അഭ്യാസത്തിന്റെ ഭാഗമായിരുന്നു.

യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളിലെ നാവികസേനകളെ ഒരുമിച്ച് അണിനിരത്തിയ മലബാര്‍ വ്യോമാഭ്യാസത്തിന്റെ 24-ാം പതിപ്പിനാണ് സമാപനമായത്. 2007 ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ നാല് രാജ്യങ്ങള്‍ പങ്കാളികളായ ക്യുഎഡി സഹകരണത്തിന്റെ ഭാഗമായി ഈ അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.

ആദ്യ ഘട്ടം നവംബര്‍ 3 മുതല്‍ 6 വരെ വിശാഖപട്ടണം തീരത്താണ് നടന്നത്. അറബി കടലിലെ രണ്ടാം ഘട്ടം ഡെക്ക് അധിഷ്ഠിത വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, കപ്പല്‍ വ്യോമ പ്രതിരോധ വ്യായാമങ്ങള്‍, പ്രാക്ടീസ് ടാര്‍ഗെറ്റുകളിലെ ഉപരിതല വെടിവയ്പ്പുകള്‍, അന്തര്‍വാഹിനികളെ നേരിടുന്നതിനുള്ള വ്യായാമങ്ങള്‍, വിശാലമായ സമുദ്ര പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്ന മറ്റ് തന്ത്രപരമായ യുദ്ധ തന്ത്രങ്ങള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Latest