Connect with us

Health

അന്തിമ വിശകലനത്തില്‍ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രാപ്തി നേടിയെന്ന് ഫൈസര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമനായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അന്തിമ വിശകലനത്തിലും 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി. മുതിര്‍ന്നവരില്‍ പോലും രോഗബാധ തടയാന്‍ വാക്‌സിന് സാധിച്ചുവെന്നും ഇതിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷമാണ് ഫൈസര്‍ ഈ നിരീക്ഷണം നടത്തിയത്. വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിന് അന്തിമ അനുമതി തേടിന്‍ ഉടന്‍ അധികൃതരെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കി.

43,000 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇതില്‍ 170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരില്‍ തന്നെ 162 പേര്‍ക്ക് വാക്‌സിനെന്ന പേരില്‍ മറ്റു വസ്തുക്കളാണ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ എട്ട് പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് വാക്‌സിന്റെ കാര്യകക്ഷമത 95 ശതമാനത്തിന് മുകളിലാണെന്ന് വ്യക്കതമാക്കുന്നതായി കമ്പനി വിശദീകരിച്ചു.

അടിയന്തര ആവശ്യത്തിന് വാക്സിന്‍ ഉപയോഗിക്കുന്നതിന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ് എഫ്ഡിഎ) മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഫൈസര്‍ വൃത്തങ്ങള്‍ പറഞ്ഞു. വാക്സിന്റെ കാര്യക്ഷമതയും ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങള്‍ യുഎസ് എഫ്ഡിഎക്ക് ഉടന്‍ കൈമാറുമെന്നും അവര്‍ അറിയിച്ചു.

അതേസമയം, ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. മൈനസ് 70 ഡിഗ്രി താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണം എന്നതാണ് പ്രധാന വെല്ലുവിളി. രാജ്യവ്യാപകമായി ഇതിന് സംവിധാനം ഒരുക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. പക്ഷേ, ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest