Kerala
കിഫ്ബി വിവാദം: ലക്ഷ്യം വികസന പദ്ധതികള്‍ അട്ടിമറിക്കല്‍- സി പി എം

തിരുവനന്തപുരം | കിഫ്ബിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി സി പി എം. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിവാദങ്ങളെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിവിധ കേന്ദ്ര ഏജന്‍സികളെ ഇറക്കി സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇ ഡി, സി ബി ഐ, എന്‍ ഐ എ, കസ്റ്റംസ് ഏറ്റവും അവസാനം സി എ ജിയും ഇതേ ശ്രമത്തിലാണ്.
സ്വര്‍ണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്. കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് പാര്‍ക്ക്, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് കിഫ്ബി വഴി വായ്പ എടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി എ ജിയുടെ കരട് റിപ്പോര്‍ട്ടിന്റെ വ്യാഖ്യാനം .
കിഫ്ബി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കാന്‍ ആര്‍ എസ് എസും ബി ജെപിയും നയിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചാണ് മുന്നോട്ടു വന്നത്. അവരെ സഹായിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്. സി എ ജി ആവട്ടെ ഒരു പടികൂടി കടന്നു കിഫ്ബിയുടെ എല്ലാ വായ്പകളും ഭരണ ഘടന വിരുദ്ധമെന്ന വ്യാഖ്യാനത്തില്‍ എത്തിയിരിക്കുകയാണ്. ഈ കേസില്‍ സി എ ജിയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്. കിഫ്ബി കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും, ബി ജെ പിയും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
സര്‍ക്കാറിന്റെ കീഴിലുള്ള കമ്പനികള്‍ കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കാന്‍ ഇതുവരെ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കാനാണ് ശ്രമമെന്നും സി പി എം കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് പാരവെക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനുള്ള അവസരമാണെന്നും സി പി എം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.