ബി ജെ പിക്കാരെ ജയിപ്പിച്ചാല്‍ രാമക്ഷേത്രത്തില്‍ കൊണ്ടുപോകും: യോഗി ആദിത്യനാഥ്

Posted on: October 21, 2020 10:15 am | Last updated: October 21, 2020 at 3:09 pm

പാറ്റ്‌ന | ബി ജെ പി സ്ഥാനാര്‍ഥികളെ ജയിപ്പിച്ചാല്‍ അവര്‍ നിങ്ങളെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകും- ശ്രദ്ധേയമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രിയുടെ വാഗ്ദാനമാണിത്. വാഗ്ദാനം നല്‍കിയത് മാറ്റാരുമല്ല. ഭന്നിപ്പിന്റെ രാഷ്ഷ്ട്രീയം മാത്രം കൈമുതലായുള്ള സാക്ഷാല്‍ യോഗി ആദിത്യനാഥ്. ബിഹാറിലെ വോട്ടര്‍മാരോടാണ് യു പി മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം.

ത്രേതായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാന്‍ രാമന്‍ തിരഞ്ഞെടുത്തതെന്നും ഇതിനാല്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ നിങ്ങളെ അവിടേക്ക് അവര്‍ കൊണ്ടുപോകുമെന്നും യോഗി പറഞ്ഞു. രാജ്യത്ത് ഭീകരവാദം അവസാനിപ്പിച്ച് ബി ജെ പി സര്‍ക്കാറാണ്. പാക്കിസ്ഥാനില്‍ കയറി ഭീകരരെ വധിച്ചു. ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്ഥന്‍ തിരിച്ചറിഞ്ഞു’. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബി ജെ പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കി.

നിതീഷ് കുമാര്‍ ഭരണത്തില്‍വരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവെക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍ ഡി എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വ്യാപന വേളയില്‍ ബിഹാറിലെ തൊഴിലാളികളെ സ്വന്തംനിലയില്‍ യു പിയില്‍ നിന്ന് ബിഹാറിലേക്കെത്തിച്ചിരുന്നു. വേര്‍തിരിവില്ലാതെ മോദി പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കി. മോദിയും നിതീഷ് കുമാറും ബിഹാറിലെ പാവപ്പെട്ടവര്‍ക്കായി സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയുംനല്‍കിയെന്നും യോഗി പറഞ്ഞു.

കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി പരഹസിച്ചു.