Connect with us

National

കൊവിഡിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദം: പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ലോകം മുഴുവന്‍ വ്യപിച്ച കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ആയുര്‍വേദ
മരുന്നുകളും യോഗയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗരേഖ. ചികിത്സ-നിയന്ത്രണ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ്വര്‍ധനാണ് പുറത്തിറക്കിയത്. ആയുഷ് വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ സാന്നിധ്യത്തില്‍ വെര്‍ച്വലായാണ് പ്രകാശനം നടത്തിയത്. മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ആയുര്‍വ്വേദ ചികിത്സക്ക് അര്‍ഹമായ പ്രധാന്യം ലഭിച്ചതെന്ന് പ്രകാശനം നിര്‍വഹിച്ച് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കൊവിഡ് മൂലമുണ്ടാകുന്ന വിവധ അസുഖ ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഒപ്പം പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട കാര്യങ്ങളും മാര്‍ഗരേഖ പറയുന്നു.

ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും ചെറിയതോതില്‍ രോഗം ബാധിച്ചവര്‍ക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യുമെന്ന് മാര്‍ഗരേഖ പറയുന്നു. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാന്‍ ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികളോട് നിര്‍ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.

ലഘുവായ ലക്ഷണങ്ങളുള്ളവര്‍ മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ക്കൊള്ളുക, ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിര്‍ദേശിക്കുന്നുണ്ട്.