Kerala
ലൈഫ് മിഷന്‍ കേസ്: ഓര്‍ഡിനന്‍സിലൂടെ സി ബി ഐ അന്വേഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം | ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സ് ഇറക്കി സി ബി ഐ അന്വേഷണം തടയാനാണ് ശ്രമം.ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അതിനെതിരെ ആദ്യം ഗവര്‍ണര്‍ക്ക് പരാതി നല്‍കും. എന്നിട്ടും കാര്യമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സി ബി ഐ അന്വേഷണം ആരംഭിച്ചാല്‍ പല പ്രമുഖരും കുടുങ്ങുമെന്നു വന്നപ്പോഴാണ്അതിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സി ബി ഐ അന്വേഷണം വേണ്ടെന്ന് പറയുന്നത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്ന് സംശയിക്കണം. എഫ് സി ആര്‍ എ നിയമപ്രകാരമാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.