Connect with us

National

യുപിഎസ്‌സി ജിഹാദ് ആരോപണം: സംഘ് ചാനൽ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം കൂടുന്നത് യുപിഎസ്സി ജിഹാദ് ആണെന്ന് ആരോപിച്ച് സംഘ് പരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്ത “ബിന്‍താസ് ബോല്‍” പരിപാടി മാർഗനിർദേശങ്ങൾ ലംഘിക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചാനലിന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും കേന്ദ്രം വ്യക്തമാക്കി. സെപ്തംബര്‍ 28നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

മതങ്ങളെയും സമുദായങ്ങളെയും അവഹേളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകളോ പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്ന് 1984ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്ത വാർത്താധിഷ്ടിത പരിപാടി. വിവാദത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഒരു സമുദായത്തെ ലക്ഷ്യം വെക്കാനും പ്രതേ്യക രീതിയില്‍ ബ്രാന്‍ഡ് ചെയ്യാനും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി പരിപാടി വിലക്കിയത്. പരിപാടിയുടെ ഒന്‍പത് എപ്പിസോഡില്‍ ഏഴും പ്രക്ഷേപണം ചെയ്ത ശേഷമാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്.

മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും മുസ്‌ലിംകളെ സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവരെന്ന് മുദ്രകുത്തുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് എന്തും പറയാമെന്ന് കരുതരുത്. റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ സംപ്രേഷണം ചെയ്യരുത്. ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. ഇത്തരം അപകീര്‍ത്തികരമായ വാദങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത് ആശങ്കാജനകമാണ്. അവരുടെ ചര്‍ച്ചകളുടെ സ്വഭാവവും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഹരജിയില്‍ വാദം കേള്‍ക്കവേ സുപ്രീം കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ചാനലിന്റെ വാദം. യു പി എസ് സിയിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി വി തയ്യാറാക്കിയ വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest