Covid19
ആംബുലൻസ് ഡ്രൈവർക്ക് സുഖമില്ല; കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ വളയം പിടിച്ച് ഡോക്ടർ

പുണെ| കൊവിഡ് ബാധിച്ച് ഗുരുതരനിലയിലായ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന്റെ വളയം പിടിച്ച് ഡോക്ടർ. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 71 കാരനായ വയോധികൻ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ആംബുലൻസ് ഡ്രൈവർക്ക് സുഖമില്ലാതാകുകയും പകരം ആളെ ലഭിക്കാതെ വരികയും ചെയ്തപ്പോഴാണ് ഡോക്ടറായ രഞ്ജീത് നികം(30) ഡ്രൈവറുടെ ജോലി കൂടി ഏറ്റെടുത്തത്. അടിയന്തര വൈദ്യസഹായത്തിനായി മറ്റൊരു ഡോക്ടറും ആംബുലൻസിൽ ഉണ്ടായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓക്‌സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് രോഗിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടൻ തന്നെ വയോധികനെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ ആംബുലൻസ് ഡ്രൈവർക്ക് സുഖമില്ലാത്തതിനാൽ 108 ആംബുലൻസ് സർവീസിനെ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്നാണ് സ്വയം വാഹനം ഓടിക്കാൻ തീരുമാനിച്ചതെന്ന് ഡോ.രഞ്ജീത് നികം പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയുടെ നില ഭേദപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് പിതാവിന്റെ ജീവൻ രക്ഷിച്ചതെന്നും ഇവരാണ് യഥാർഥ കൊറോണ യോദ്ധാക്കളെന്നും രോഗിയുടെ മകൻ പറഞ്ഞു.