Kerala
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ അറിവോടെ തീവച്ചതെന്ന് പ്രതിപക്ഷം; സമഗ്രാന്വേഷണം വേണം

തിരുവനന്തപുരം | സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പ് കെട്ടിടത്തിലുണ്ടായത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള തീവെപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് ബി ജെ പിയും ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എല്ലാ അഴിമതികളെയും ഒളിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നേരത്തെ ഇടിമിന്നലിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സി സി ടി വി കാമറകള്‍ അടിച്ചുപോയെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോപണ വിധേയമായിട്ടുള്ള ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. ഇത് ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിലെ വിശദ വിവരങ്ങള്‍ വെളിയില്‍ വരാതിരിക്കാന്‍ ഫയലുകള്‍ക്ക് സര്‍ക്കാര്‍ തീ കൊടുത്തതാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.