Gulf
'അല്‍ മഫാരിദ്-2020': നജ്‌റാന്‍ ഒട്ടക ഓട്ട മത്സരത്തിന് വ്യാഴാഴ്ച തുടക്കമാവും

നജ്റാന്‍ | സഊദി ഒട്ടക ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ നജ്‌റാന്‍ ഒട്ടക ഓട്ടമത്സരത്തിന് വ്യാഴാഴ്ച നജ്റാന്‍ കാമല്‍ റേസിംഗ് ഫീല്‍ഡില്‍ തുടക്കമാവും. ആഗസ്റ്റ് 20 മുതല്‍ 21 വരെ നടക്കുന്ന ഈ വര്‍ഷത്തെ മേള “അല്‍ മഫാരിദ്-2020” എന്ന പേരിലാണ് അറിയപ്പെടുക. അറബ് സംസ്‌ക്കാരത്തിന്റെ പാരമ്പര്യ മത്സരമായ ഒട്ടക ഓട്ടമത്സരം സഊദി അറേബ്യയിലെ പ്രധാന സാംസ്‌ക്കാരിക വിനോദം കൂടിയാണിത്. ഒട്ടക കായിക വിനോദങ്ങളെ പരിപോഷിപ്പിക്കുന്നതിനായി സഊദി ഒട്ടക ഫെഡറേഷന്‍ തിരഞ്ഞെടുത്ത രാജ്യത്തെ ഏഴ് മേഖലകളില്‍ ഒന്നാണ് നജ്റാന്‍ കാമല്‍ റേസിംഗ് ഫീല്‍ഡ്.
വിനോദമെന്നതിലുപരി സമൂഹത്തില്‍ തങ്ങളുടെ മേല്‍ക്കോയ്മ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഒട്ടക ഓട്ട മത്സരങ്ങള്‍. രാജ്യത്തെ പുരാതന കായിക വിനോദമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ പേര്‍ രംഗത്തുണ്ടെന്ന് നജ്റാന്‍ ഫീല്‍ഡ് ഫോര്‍ കാമല്‍ റേസിംഗ് ഡയറക്ടര്‍ അവദ് അല്‍ റിസ്‌ക് പറഞ്ഞു. ഇതോടെ ഉത്സവ ലഹരിയിലാണ് നജ്റാന്‍ നഗരം. ഈ വര്‍ഷം മെറിഡിയന്‍സ് വിഭാഗത്തില്‍ 40 ലധികം റേസുകളാണ് നടക്കുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് മത്സരങ്ങള്‍ നടക്കുക. റേസ് ഫീല്‍ഡില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി റേസിംഗ് ഫീല്‍ഡ് മീഡിയ ചുമതലയുള്ള മുറാദ് അല്‍ ഹമാമി പറഞ്ഞു