Gulf
വന്ദേ ഭാരത് പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഐ സി എ അനുമതി നിബന്ധനകളിൽ മാറ്റം, ദുബൈയിൽ ഇളവ്

ദുബൈ | ഇന്ത്യയിലേക്കും തിരിച്ചും വന്ദേ ഭാരത് ഒഴിപ്പിക്കൽ വിമാനങ്ങൾ തുടരും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് ഈ മാസം അവസാനം വരെയുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്കും എല്ലാ ദിവസവും വിമാനമുണ്ട്. ദുബൈയിൽ ഇറങ്ങുന്നവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് എങ്കിൽ 14 ദിവസം ക്വാറന്റൈൻ ആവശ്യമില്ല. മറ്റു എമിറേറ്റുകളിലെ താമസക്കാർ ക്വാറന്റൈനിൽ പോവണം.
അതേസമയം, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകളിൽ ചില മാറ്റങ്ങൾ ഉണ്ട്. ഇന്നലെ വരെ ഐ സി എ അനുമതി കിട്ടിക്കഴിഞ്ഞാൽ കേരളത്തിലെ അംഗീകൃത ലബോറട്ടറികളിൽ നിന്നും കൊവിഡ് ഇല്ലാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി യാത്ര ചെയ്യാമായിരുന്നു.
എന്നാൽ ഇനി മുതൽ ആദ്യം ‘പ്യൂർ ഹെൽത്തി”ന്റെ ലിങ്കിൽ യു എ ഇ ഭരണകൂടത്തിന്റെ അക്കൗണ്ടിൽ പരിശോധനക്കായി പണം അടക്കണം. 221 യു എ ഇ ദിർഹമാണ് പ്യൂർ ഹെൽത്തിന്റെ യു എ ഇ ലിങ്കിൽ അടക്കേണ്ടത്. ശേഷം അടുത്തുള്ള യു എ ഇ അംഗീകൃത ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാകണം.
പട്ടികയിൽ കാണുന്ന മൈക്രോ ലബോറട്ടറികളിൽ മാത്രമേ പരിശോധന നടത്തുവാൻ അനുവാദമുള്ളൂ. ലിങ്കിൽ പണം അടച്ച ശേഷം അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് വെക്കുക. സക്രീൻ ഷോട്ടുമായി വേണം പരിശോധന കേന്ദ്രത്തിൽ എത്തേണ്ടത്.
കേരളത്തിലെ ആശുപത്രികളിൽ പരിശോധനക്കായി പണം അടക്കേണ്ടതില്ല.പരിശോധനാ ഫലം ലബോറട്ടറിയിൽ നിന്നും യു എ ഇ ആരോഗ്യ വകുപ്പിന് നേരിട്ടാണ് അയക്കുക. പോസിറ്റീവോ – നെഗറ്റീവോ എന്ന കാര്യം സന്ദേശത്തിലൂടെ അറിയിക്കും. റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാകില്ല.
ഓൺലൈനിൽ ആ റിപ്പോർട് പരിശോധിച്ച ശേഷം ഐ സി എ അനുമതി നൽകും. പുതിയ ഐ സി എ അനുമതി ലഭിച്ചു 96 മണിക്കൂറിനകം യു എ ഇയിൽ എത്തണം.