Covid19
കൊവിഡ്: ഝാര്‍ഖണ്ഡില്‍ ശനിയാഴ്ച മാത്രം ഏഴ് മരണം

റാഞ്ചി| ഓരോദിവസവും രാജ്യത്ത് കൊവിഡ് അതിവേഗം പിടിമുറുക്കുകയാണ്. ഓരോ സംസ്ഥാനങ്ങളും കൊവിഡിനെതിരേ പൊരുതിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ദിനംപ്രതി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ ഝാര്‍ഖണ്ഡില്‍ കൊവിഡ് ബാധിച്ച ഏഴ്‌പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയതത് 214 പുതിയ കേസുകളാണ്. ഇതോടെ മൊത്ത രോഗബാധിതരുടെ എണ്ണം 7,841 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
രണ്ട് പേര്‍ റാഞ്ചിയിലും രണ്ട് പേര്‍ സിംഗ്ഭും ജില്ലയിലുമാണ്. സരികേല, ഘന്‍ബാദ്, രാംഗഡ് എന്നിവിടങ്ങളില്‍ ഒരോരുത്തരും മരിച്ചതായി സര്‍ക്കാര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് പേരാണ് മരിച്ചത്. 4,237 സജീവ കേസുകള്‍ സംസ്ഥാനത്തുണ്ട്. 3,521 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് റിക്കവറി റേറ്റ് 44.9 ശതമാനമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.