National
രാജസ്ഥാനിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 234 കിലോഗ്രാം കറുപ്പ്

ജയ്പൂർ| ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ രാജസ്ഥാനിൽ നിന്ന് 234 കിലോഗ്രാം കറുപ്പ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ സി ബി) പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. ഈ മാസം 19ന് ചിറ്റോർഗഡ് ജില്ലയിലെ ഷാഡി ഗ്രാമത്തിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഏജൻസി അറിയിച്ചു. ജോധ്പൂർ സോണൽ യൂനിറ്റ് സംഘം ആർ ലാൽ എന്നയാളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ജിൽ 233.97 കിലോഗ്രാം കറുപ്പാണ് പിടികൂടിയത്. ഭിൽവാര ജില്ലയിലെ എം കെ ധാക്കാദാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. എൻ സി ബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞു. റെയ്ഡിന്റെ ഭാഗമായി എസ് യു വിയും പിടികൂടിയിട്ടുണ്ട്.
ചിറ്റോർഗഡിൽ നിയമപരമായി ഉത്പാദിപ്പിച്ച ഈ കറുപ്പ് ജോധ്പൂരിൽ എത്തിക്കാനുള്ളതാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. മധ്യപ്രദേശ്, രാജസ്ഥാൻ ആസ്ഥാനമായുള്ള മയക്കുമരുന്ന് കടത്തുകാരുടേതാണ് പിടികൂടിയ മയക്കുമരുന്നെന്ന് മൽഹോത്ര പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടുതൽ കറുപ്പ് കണ്ടുകെട്ടുന്നത്.