Connect with us

Kerala

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഫ്‌ളാറ്റുകളില്‍ കര്‍ശന നിയന്ത്രണം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കി. ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളിലും ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്ത നിവാരണ നിയമത്തിലെ 30, 34 വകുപ്പുകള്‍ പ്രകാരവും ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഇനി പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കി.

ഇവിടങ്ങളില്‍ പൊതു പരിപാടികള്‍ നടത്താന്‍ പാടില്ല. ഫ്ളാറ്റിന്റെയും അപ്പാര്‍ട്ട്‌മെന്റിന്റെയും പൊതു സ്ഥലങ്ങള്‍, കൈവരികള്‍ എന്നിവ ബ്ലീച്ചിംഡ് പൗഡര്‍, സോഡിയം ഹൈപ്പോക്ലോറൈറ്റ് എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശുചീകരണം നടത്തുന്നവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയുള്‍പ്പെടെസുരക്ഷക്കുള്ള വസ്തുക്കള്‍ നല്‍കിയിരിക്കണം. പാര്‍ക്കുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍, റിക്രിയേഷണല്‍ ഏരിയ, ക്ലബുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ലിഫ്റ്റുകളുടെ ഉള്‍വശം, ബട്ടണുകള്‍, കൈവരികള്‍ തുടങ്ങിയവ അണുവിമുക്തമാക്കണം.
ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ ഉടന്‍തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. അഭ്യൂഹങ്ങള്‍ പടരാതിരിക്കാന്‍ അസോസിയേഷനുകള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുംവീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടവരും വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാര്‍ ഉറപ്പുവരുത്തണം. ആരെങ്കിലും ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണം.

60 വയസ്സിനു മുകളിലുള്ളവരെ ഫ്ളാറ്റിലെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുത്. കുട്ടികള്‍ പൊതു കളിസ്ഥലങ്ങളില്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്ക് വീടിനുള്ളില്‍ തന്നെ ഇരുന്ന് കളിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണം.സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം, കൊവിഡ് വൈറസ് വ്യാപനം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കണം.
അപകട സാധ്യത കൂടിയ വിഭാഗത്തില്‍ പെടുന്ന മുതിര്‍ന്ന പൗരന്മാര്‍, കാന്‍സര്‍, പ്രമേഹം എന്നിവ ബാധിച്ചവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം. അവശ്യ വസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്ളാറ്റ് അസോസിയേഷനുകള്‍ നടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ കൊവിഡ് കേസുകള്‍ക്കു പുറമെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Latest