Connect with us

National

സഹോദരിയുടെ കല്യാണം: പണം തട്ടാനുള്ള യുവാവിൻ്റെ നാടകം പൊളിച്ച് പോലീസ്

Published

|

Last Updated

ന്യൂഡൽഹി| സഹോദരിയുടെ കല്യാണം നടത്താൻ സാമ്പത്തികശേഷിയുള്ള അമ്മാവനെ കബളിപ്പിച്ച് പണം തട്ടാനുള്ള 24 കാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പോലീസ്. ഡൽഹിയിൽ ഞായറാഴ്ചയാണ് സംഭവം. പെയിന്റിംഗ് ജോലിക്കാരനായ സൽമാൻ കാറിൽ എത്തിയ നാലംഗ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നൽകി രക്ഷിക്കണമെന്നും അഭ്യർഥിച്ച് കൊണ്ടാണ് അമ്മാവനെ ബന്ധപ്പെട്ടത്. സഹോദരൻ അർഷാദിനെ വിളിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയ കാര്യം സൽമാൻ ആദ്യം പറഞ്ഞത്. സഹോദരൻ വഴി അമ്മാവന്റെ അരികിൽ വിവരം എത്തുമെന്ന ധാരണയിലാണ് ഇതിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ വിശദാന്വേഷണത്തിലാണ് യുവാവിനെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും യുവാവ് ചമച്ച കഥയാണെന്നും വ്യക്തമായത്.

സൽമാനെ കണ്ടെത്താൻ പോലീസ് ഉടൻ തന്നെ ഒരു ടീം രൂപവത്കരിച്ചു. പിന്നീട്
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. ഒരു ഗ്രൂപ്പിനെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് വിട്ടത്. സഹോദരന് വിളിച്ച കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൽമാൻ ഗാസിയാബാദിൽ ആണെന്ന് കണ്ടെത്തി. മറ്റൊരു കോളിൽ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ക്രൂരമായി മർദ്ദിച്ചതായും വെളിപ്പെടുത്തി. ജീവനോടെ കാണണമെങ്കിൽ ഉടൻ തന്നെ അവർ പറയുന്ന പണം എത്തിച്ചുനൽകാനും സൽമാൻ ഫോണിലൂടെ അഭ്യർഥിച്ചു. ഈ കോൾ ആനന്ദ് വിഹാറിൽ നിന്നുളളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

തുടർന്ന് ഒരു സംഘത്തെ ആനന്ദ് വിഹാറിലേക്ക് അയച്ചെങ്കിലും സൽമാന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന നടത്തിയ അന്വഷണത്തിൽ ഒരു കസേരയിൽ ഇരിക്കുന്ന നിലയിൽ സൽമാനെ കണ്ടെത്തി. തുടക്കത്തിൽ തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സൽമാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൽമാൻ തട്ടിക്കൊണ്ടുപോകൽ നാടകം സമ്മതിച്ചത്.