Connect with us

Gulf

അജ്മാന്‍ നിവാസികള്‍ക്ക് വിദഗ്ധ ചികിത്സയുറപ്പാക്കാന്‍ വി പി എസ് ബുര്‍ജീല്‍ ആശുപത്രിയുമായി കൈകോര്‍ത്ത് അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

Published

|

Last Updated

വി പി എസ് ബുര്‍ജീലും അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും തമ്മില്‍ സഹകരണത്തിനായുള്ള കരാറില്‍ ഹമദ് ഉബൈദ് തര്യാം അല്‍ ശംസിയും ഡോ. ഷാജിര്‍ ഗഫാറും ഒപ്പുവെക്കുന്നു.

ഷാര്‍ജ | അജ്മാനിലെ താമസക്കാര്‍ക്ക് വിദഗ്ധ ചികിത്സയുറപ്പാക്കാന്‍ വഴിയൊരുക്കി അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വി പി എസ് ബുര്‍ജീല്‍ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചു. സങ്കീര്‍ണ ശസ്ത്രക്രിയകളടക്കം വിദഗ്ധ പരിചരണം ആവശ്യമായ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ടാണ് കരാര്‍. അജ്മാനില്‍ നിന്നുള്ള റഫറല്‍ രോഗികളെ ഇതുപ്രകാരം ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സമഗ്രചികിത്സ ലഭ്യമാക്കും.

പ്രദേശവാസികള്‍ വര്‍ഷങ്ങളായി വന്‍തോതില്‍ ആശ്രയിക്കുന്ന അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണ് അജ്മാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ഡേ കെയര്‍ സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യാനും സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇവ്ക്കുള്ള സൗകര്യം ലഭ്യമാക്കാനുള്ള അധികൃതരുടെ തീരുമാനം.

ബുര്‍ജീല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അജ്മാന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടറും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഹമദ് ഉബൈദ് തര്യാം അല്‍ ശംസിയും വി പി എസ് ഹെല്‍ത്ത ്‌ കെയര്‍ സി ഇ ഒ (ദുബൈ ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാറും കരാറില്‍ ഒപ്പുവച്ചു. മികച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കരാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വി പി എസുമായുള്ള ധാരണയെന്ന് ഹമദ് ഉബൈദ് തര്യാം അല്‍ ശംസി പറഞ്ഞു. രോഗികളുടെ സംതൃപ്തി, അനുഭവസമ്പത്ത് കൈമാറ്റം, എമിറേറ്റിലെ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയാണ് സഹകരണത്തിന് പിന്നിലെ ലക്ഷ്യങ്ങളെന്നും അദ്ദേഹം അറിയിച്ചു. അജ്മാനിലെ നൂറുകണക്കിന് താമസക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാന്‍ പങ്കാളിത്തത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ബുര്‍ജീല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നത്. അജ്മാനിലെ ജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ പ്രകാരം അജ്മാന്‍ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അവരുടെ രോഗികള്‍ക്കാവശ്യമായ അത്യാധുനിക ശസ്ത്രക്രിയകള്‍ ഷാര്‍ജ ബുര്‍ജീല്‍ ആശുപത്രിയില്‍ നടത്താനുമാകും. രോഗികളെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുകൊണ്ടാണ് ഇത് നടപ്പാക്കുക. അജ്മാനില്‍ ലഭ്യമല്ലാത്ത ചികിത്സാസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട രോഗികള്‍ക്കും ഷാര്‍ജയിലെത്താം. ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 75 കിടക്കകളാണുള്ളത്.