വ്യാപാരിക്കും മകള്‍ക്കും കൊവിഡ്; കായംകുളത്ത് പച്ചക്കറി മാര്‍ക്കറ്റ് അടക്കും

Posted on: June 30, 2020 7:11 am | Last updated: June 30, 2020 at 9:01 am

ആലപ്പുഴ | ഉറവിടം കണ്ടെത്താത്ത കൊവിഡ് രോഗികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കായംകുളത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രദേശത്തെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണാക്കി അടച്ചിടും. രോഗം സ്ഥിരീകരിച്ചത് കായംകുളത്തെ പച്ചക്കറി വ്യാപാരിക്കും മകള്‍ക്കുമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മുന്‍കരുതിന്റെ ഭാഗമായി മാര്‍ക്കറ്റ് അടക്കും. .

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 65 കാരനെ പരിചരിക്കാന്‍ മകളും കൊല്ലത്ത് പോയിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ, അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ല്‍ അധികം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ വഴി രോഗം വന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.