Connect with us

Kerala

യു ഡി എഫില്‍ നിന്ന് പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം | യു ഡി എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ മാണി വിഭാഗം. 38 വര്‍ഷമായി യു ഡി എഫിനെ സംരക്ഷിച്ച വിഭാഗത്തെയാണ് പുറത്താക്കിയിരിക്കുന്നതെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ പുറത്താക്കിയത് കെ എം മാണിയെയാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള നിസ്സാരമായ തര്‍ക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് യു ഡി എഫിന്റെ ന്യായീകരണം. ഇല്ലാത്ത ധാരണകള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ച് അതു പ്രകാരം പ്രസിഡന്റ് രാജിവക്കണമെന്നാണ് മുന്നണി ആവശ്യപ്പെട്ടത്. എന്നാല്‍, യഥാര്‍ഥ വിഷയം ഇതൊന്നുമല്ല. സ്ഥാനമല്ല നീതിയാണ് പ്രശ്‌നം. യു ഡി എഫിനെ ദുര്‍ബലപ്പെടുത്താന്‍ ജോസഫ് വിഭാഗം എത്രയോ തവണ ശ്രമിച്ചിട്ടുണ്ട്. സെലക്ടീവ് ജസ്റ്റിസ് എന്നാല്‍ ഇന്‍ജസ്റ്റിസ് എന്നു തന്നെയാണ്. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടിയുടെ അവെയ്‌ലബിള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാര്‍ട്ടിയുടെ ആത്മാഭിമാനം അടിയറ വക്കില്ലെന്നും ഇല്ലാത്ത ധാരണ ഉണ്ടെന്നു പ്രഖ്യാപിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യു ഡി എഫുമായി ഇനി ചര്‍ച്ചയില്ല. പുറത്താക്കിയ ശേഷം ഇനിയെന്ത് ചര്‍ച്ച. എങ്കിലും യു ഡി എഫുമായുള്ള ബന്ധം അവസാനിച്ചുവെന്ന് താന്‍ പറയില്ല. ധാര്‍മികതയുടെ പേരിലാണ് മുന്നണിയില്‍ നിന്ന് രാജിവക്കാതിരുന്നത്. പുറത്താക്കിയാലും ജനപ്രതിനിധികള്‍ രാജിവക്കില്ല. മുന്നിലുള്ള സാധ്യത ജനങ്ങളാണ്. കാലുമാറ്റക്കാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കണമെന്നത് രാഷ്ട്രീയ അനീതിയാണ്. ധാരണയില്‍ ചിലതു മാത്രം യു ഡി എഫ് മറന്നു പോകുന്നു. ധാരണയുടെ പേരിലാണെങ്കില്‍ പി ജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കേണ്ടി വരും. പാലായില്‍ ജോസഫ് തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ജോസ് കെ മാണി ആരോപിച്ചു.

Latest