Connect with us

Editorial

സാധാരണക്കാരെ കോടതികളില്‍ നിന്നകറ്റരുത്

Published

|

Last Updated

ചില കോടതി നടപടികളും ഉത്തരവുകളും അങ്ങനെയാണ്. അതിലെ യുക്തിയോ ന്യായമോ പൊതുജനത്തിനു മനസ്സിലായിക്കൊള്ളണമെന്നില്ല. മാത്രമല്ല, ചിലപ്പോള്‍ അവര്‍ക്കത് അന്യായമായി തോന്നുകയോ അനുഭവപ്പെടുകയോ ചെയ്യും. കൊക്കക്കോളക്കും തംസ് അപ്പിനുമെതിരെ ഉമേദ് സിംഹ് പി ചാവ്ദ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി കോടതി തള്ളുകയും ഹരജി സമര്‍പ്പിച്ചതിന് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നതാണ്. ആരോഗ്യത്തിനു ഹാനികരമായതിനാല്‍ ഈ രണ്ട് പാനീയങ്ങളും നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

കോള, തംസ് അപ്പ് മോഡല്‍ പാനീയങ്ങള്‍ രാജ്യത്ത് വേറെയുമുണ്ട് ധാരാളം. എന്നിട്ടും ഈ രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരെ മാത്രം ഹരജി നല്‍കിയത് ശരിയായില്ലെന്നാണ് അത് തള്ളാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞ കാരണം. വിഷയവുമായി ബന്ധപ്പെട്ട് ഹരജിക്കാരന് യാതൊരു സാങ്കേതിക ജ്ഞാനവുമില്ലെന്നും നിയമ നടപടി ക്രമങ്ങളെ അദ്ദേഹം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
കൊക്കക്കോള പോലുള്ള ഉത്പന്നങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉയരുകയും പഠനങ്ങള്‍ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. കോളയിലും സമാന പാനീയങ്ങളിലും കാഡ്മിയം, ക്രോമിയം ഡി പി എച്ച് പി സംയുക്തം തുടങ്ങി ആരോഗ്യത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമുണ്ടെന്നും നിരവധി രോഗങ്ങള്‍ക്ക് ഇത് ഹേതുവാകുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. ഈ പാനീയങ്ങളുടെ ഉപയോഗം തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്കിടയാക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്ന ശീതള പാനീയങ്ങളില്‍ മേല്‍പറഞ്ഞ രാസവസ്തുക്കളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 2016 ഒക്‌ടോബറില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ പഠന റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ വെച്ചതാണ്. കാഡ്മിയവും ലെഡും ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു കെയിലെ ഔഷധ ശാസ്ത്രജ്ഞന്‍ നീരജ് നായിക് നടത്തിയ പഠന ഫലവും ഏറെക്കുറെ സമാനമായിരുന്നു. അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് അദ്ദേഹം കണ്ടെത്തിയത്. 2015 ജൂലൈയില്‍ തന്റെ ബ്ലോഗില്‍ അദ്ദേഹം പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതൊക്കെയായിരിക്കണം കോളക്കും തംസ് അപ്പിനുമെതിരെ ഹരജി സമര്‍പ്പിക്കാന്‍ പി ചാവ്ദയെ പ്രേരിപ്പിച്ചത്. കോടതി ചൂണ്ടിക്കാണിച്ച പോലെ ഇതുസംബന്ധിച്ച് വേണ്ടത്ര സാങ്കേതിക ജ്ഞാനം ഹരജിക്കാരനോ അഭിഭാഷകനോ ഇല്ലായിരിക്കാം. തദടിസ്ഥാനത്തില്‍ കോടതി ഹരജി തള്ളിയതും മനസ്സിലാക്കാം. എന്നാല്‍ ഹരജിക്കാരന് പിഴയിട്ടതിന്റെയും ഒരു മാസത്തിനകം സുപ്രീം കോടതി രജിസ്ട്രിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഉത്തരവിട്ടതിന്റെയും താത്പര്യവും അതിലെ നീതിബോധവും മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. പൊതുതാത്പര്യ ഹരജികള്‍ വിശിഷ്യാ കോര്‍പറേറ്റുകള്‍ക്കെതിരായ ഹരജികള്‍ നിരുത്സാഹപ്പെടുത്തുകയാണോ ഇതിലൂടെ കോടതി ലക്ഷ്യമാക്കുന്നത്? ഇനി മേലില്‍ കേസുമായി കോടതിയിലേക്കില്ലെന്ന ചിന്തയിലേക്ക് പൊതുസമൂഹം തിരിയുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സമീപ കാലത്തായി ഭരണകൂട നയങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എതിരായ പൊതുതാത്പര്യ ഹരജികളോട് കോടതികള്‍ക്ക് പ്രതിപത്തി കാണുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടും കശ്മീരിന്റെ പ്രത്യേകാധികാരങ്ങള്‍ റദ്ദാക്കപ്പെട്ടതിനെതിരെയും മറ്റും സമര്‍പ്പിക്കപ്പെട്ട സുപ്രധാനമായ പല പൊതുതാത്പര്യ ഹരജികളോടും കോടതി കാണിച്ച സമീപനം അത്ര ആശാവഹവും സുതാര്യവുമായിരുന്നില്ല.

2018 ജനുവരിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യം കോടതിയുടെ ഇത്തരം നയങ്ങളായിരുന്നു. വ്യവസ്ഥാപിതമായല്ല, കുത്തഴിഞ്ഞ രീതിയിലാണിപ്പോള്‍ സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇക്കാര്യം രാജ്യത്തോട് പറയാന്‍ തങ്ങള്‍ക്കു ബാധ്യതയുണ്ടെന്ന മുഖവുരയോടെയാണ് അന്നവര്‍ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത്.
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും പൊതുധാര്‍മികതയെയും അടിസ്ഥാനമാക്കിയാണ് കോടതികള്‍ നിരീക്ഷണങ്ങളും വിധിപ്രസ്താവനകളും നടത്തേണ്ടത്. ബാഹ്യശക്തികള്‍ ഒരുവിധേനയും കോടതികളെ സ്വാധീനിക്കാന്‍ പാടില്ല. അത് ജനാധിപത്യത്തിന്റെ തകര്‍ച്ചക്കിടയാക്കും. സമൂഹത്തെ പൊതുവെ ബാധിക്കാനിടയുള്ള വിഷയത്തില്‍ കോടതികളുടെ മുമ്പിലെത്തുന്ന അന്യായങ്ങളെ, ഹരജി സമര്‍പ്പണത്തില്‍ വന്ന സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി തള്ളിക്കളയുന്നതിനു പകരം ജനാധിപത്യത്തിന്റെയും നീതിയുടെയും ധാര്‍മികതയുടെയും താത്പര്യങ്ങളെ മാനിച്ച് അവ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് കോടതികളില്‍ നിന്നുണ്ടാകേണ്ടത്. പി ചാവ്ദയുടെ ഹരജി സാങ്കേതികതയുടെ പേരില്‍ തള്ളാതെ അദ്ദേഹത്തിന്റെ പരാതി വസ്തുതാപരമാണോയെന്ന് കണ്ടെത്താന്‍ കോടതിക്ക് ശ്രമിക്കാമായിരുന്നു. ഇരു ഭാഗത്തെയും അഭിഭാഷകരുടെ വാദങ്ങള്‍ കേട്ട് തദടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനപ്പുറം വിഷയത്തെക്കുറിച്ച് കോടതിക്ക് പഠിക്കാവുന്നതാണ്. എത്രയോ കേസുകളില്‍ മുമ്പ് കോടതി ഈ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സത്യസന്ധവും സമഗ്രവുമായ തീര്‍പ്പുകള്‍ക്ക് അത് സഹായകവുമായിട്ടുണ്ട്. സാധാരണക്കാരന്റെ അവസാനത്തെ അത്താണിയാണ് കോടതികളെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറക്കരുത്.