Connect with us

Covid19

സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി ആയിരം കവിഞ്ഞു. ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. 762 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. രണ്ട് ലക്ഷത്തോളം ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വളരെ താഴ്ന്ന നിലയില്‍ എത്തി നില്‍ക്കെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ വരവ് തുടങ്ങിയത്. 16 രോഗികള്‍ മാത്രം ചികിത്സയിലിരിക്കെയാണ് പുറത്തുനിന്ന് ട്രെയിന്‍ വഴിയും വിമാനം വഴിയും ആളുകള്‍ എത്തിത്തുടങ്ങിയത്. ഇതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗബാധിതര്‍ വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇതിനനുസരിച്ച് ക്വാറന്റീന്‍ സൗകര്യങ്ങളും ഏര്‍പെടുത്തിയിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും പുറത്ത് നിന്ന് എത്തുന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് ആശ്വാസത്തിന് വക നല്‍കുന്നുവെങ്കിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest