Connect with us

Kerala

വര്‍ഗീയ കലാപത്തിനായി ചിലര്‍ മലപ്പുറം ജില്ലയെ ലക്ഷ്യം വെക്കുന്നു; കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട് ആന ചരിഞ്ഞ സംഭവം ചിലര്‍ തെറ്റായ രൂപത്തില്‍ പ്രചരിപ്പിച്ച് കലാപത്തിലൂടെ വര്‍ഗീയ ദ്രവീകരണത്തിന് ചിലര്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം നടന്നത് പാലക്കാടാണ്. പക്ഷെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭവം നടന്നു എന്നാണ്. ബോധപൂര്‍വ്വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായിരുന്നു ഇത്. മേനകാ ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തില്‍ മുന്നിലാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഈ പ്രശ്‌നത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ട സാഹചര്യമൊരുക്കാനാണ് പലരും ശ്രമിച്ചത്. ദേശീയ തലത്തില്‍ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കുക. അമേരിക്കയില്‍ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത്. മലപ്പുറം ജില്ലയെ ലക്ഷ്യം വെക്കുക. അത് പ്രത്യേക മത വിഭാഗത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. അതൊക്കെയാണ് നടന്നു വരുന്നത്. വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണത്തില്‍ നിന്ന് ഇത്തരക്കാര്‍ പിന്‍മാറണം.

ആന ചരിഞ്ഞ സഭവം കേരളത്തെ ദുഃഖിപ്പിക്കുന്നതാണ്. ഈ വിഷയം കേരളത്തില്‍ വലിയ ചര്‍ച്ചക്കിടയാക്കി. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.