Connect with us

Covid19

ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നും സുരക്ഷ കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മനമന്ത്രി പറഞ്ഞു. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്‌സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കും. ആഭ്യന്തര വിമാന സര്‍വീസില്‍ വരുന്നവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 90 ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്.

മാഹിയില്‍ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തില്‍ ചികിത്സക്ക് വന്നതാണ്. മൃതദേഹം അടക്കം ചെയ്തതും അവിടെത്തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത മരണം കേരളത്തിന്റെ പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും അസുഖം വന്ന് ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ് കേരളത്തിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രസ്തുത വ്യക്തിയെ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.