Covid19
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് മഹാരാഷ്ട്ര

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് മഹാരാഷ്ട്രയുടെ പ്രശംസ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു . സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജേഷ് ഭയ്യ ടോപ്പെ ഇക്കാര്യം പറഞ്ഞത്. ഇത്രയധികം കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നിട്ടും കേരളത്തില്‍ മരണസംഖ്യ കുറക്കാനും മികച്ച ക്വാറന്റീന്‍ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും പ്ലാസ്മ ചികിത്സയിലുള്‍പ്പെടെ കേരളത്തിന് മുന്നേറാനായത് പ്രശംസനീയമാണെന്നും രാജേഷ് ഭയ്യ ടോപ്പ് വ്യക്തമാക്കി.
കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ കാര്യങ്ങളെപ്പറ്റി അദ്ദേഹം കേരളത്തിന്റെ ആരോഗ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, പ്രതിരോധ സംവിധാനങ്ങള്‍, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ എന്നീ കാര്യങ്ങളെക്കുറിച്ചും വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായി
ഇന്ത്യയില്‍ ഏറ്റവുമധികം കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.