Connect with us

Covid19

തൊഴിലാളികള്‍ക്കുള്ള സര്‍ക്കാറിന്റെ ഇ പി എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ പി എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. തൊഴിലാളികളുടെ വിഹിതവും സ്ഥാപനങ്ങളുടെ വിഹിതവും അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കവെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഇ പി എഫ് പിന്തുണയാണ് മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചത്. ഇതിനായി 2,500 കോടി രൂപ വകയിരുത്തും. തൊഴിലാളികളുടെയും ബിസിനസുകാരുടെയും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം തൊഴിലാളികളുടെ 12 ശതമാനവും തൊഴിലുടമയുടെ 12 ശതമാനവുമാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിഹിതം സര്‍ക്കാര്‍ വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപന പ്രകാരം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൂടി ഇ പി എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

അതേസമയം, എല്ലാ തൊഴിലാളികളുടേയും തൊഴിലുടമകളുടേയും പി എഫ് വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം കൈയില്‍ കിട്ടാനും തൊഴിലുടമക്ക് പി എഫ് സംഭാവനയില്‍ പണം ലാഭിക്കാനും സഹായകമാകും. ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പെടാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ പി എഫ് വിഹിതം 12 ശതമാനമായി തുടരും.