സാലറി ചാലഞ്ച് ആഹ്വാനവുമായി കേന്ദ്ര സര്‍ക്കാര്‍; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാം

Posted on: April 30, 2020 4:36 pm | Last updated: May 1, 2020 at 8:55 am

ന്യൂഡല്‍ഹി | സാലറി ചാലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാറും. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി എം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. മെയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവിലാണ് സംഭാവന നല്‍കേണ്ടത്. താത്പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചാലഞ്ചില്‍ പങ്കെടുക്കാം. എന്നാല്‍, ചാലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നും റവന്യൂ വകുപ്പിന് നല്‍കിയിട്ടുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലെ ചില മാസങ്ങളില്‍ മാത്രം ശമ്പളം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയുമാകാം.

സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17 ന്നടത്തിയ ആഹ്വാനത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.