Connect with us

National

സമ്പന്നരില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കാന്‍ നിര്‍ദേശിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19ന തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിന്ന് രാജ്യത്തെ സമ്പന്നരില്‍നിന്ന് ഉയര്‍ന്ന നികുതി ഈടാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ റാങ്കിലുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രവുമായി ആദായനികുതി വകുപ്പ്. സഞ്ജയ് ബഹദൂര്‍, പ്രകാശ് ദൂബെ, പ്രശാന്ത് ഭൂഷണ്‍ എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. യുവാക്കളായ നികുതി ദായകരെ തെറ്റിദ്ധരിപ്പിച്ചെന്നും അനധികൃതമായി റിപ്പോര്‍ട്ട് പുറത്തുവിട്ടെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇതില്‍ രേഖാമൂലും മൂന്ന് പേരും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. 50 ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആദായനികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വിവാദമായ സാമ്പത്തിക റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രകാശ് ദുബെയും സഞ്ജയ് ബഹദൂറും ജൂനിയര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ഇവരിത് അനധികൃതമായി ഐ ആര്‍ എസ് അസോസിയേഷന് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതായും ആരോപിക്കുന്നു.

പ്രശാന്ത് ഭൂഷണ്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വര്‍ഷങ്ങളുടെ സര്‍വ്വീസുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും 50ഓളം ജൂനിയര്‍ ഉദ്യോഗസ്ഥരെ തെറ്റായ പാതയിലേക്ക് നയിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ഷിക വരുമാനം ഒരു കോടി രൂപക്ക് മുകളിലുള്ളവര്‍ക്ക് ആദായ നികുതി നിരക്ക് 40 ശതമാനം, 10 ലക്ഷത്തിനു മുകളില്‍ നികുതിയടക്കേണ്ട വരുമാനം ഉള്ളവര്‍ക്ക് ഒറ്റത്തവണത്തേക്ക് നാല് ശതമാനം കോവിഡ് സെസ്, ദരിദ്രര്‍ക്ക് പ്രതിമാസം 5000 രൂപ വരെ നേരിട്ട് പണ കൈമാറ്റം, ആരോഗ്യമേഖലയിലെ എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൂന്ന് വര്‍ഷത്തെ നികുതി ഒഴിവ് എന്നിങ്ങനെയായിരുന്നു ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.