Connect with us

Covid19

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് സംഭാവന ചെയ്യാം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവര്‍ക്ക് അത് സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ Donate My kit എന്ന ഓപ്ഷനുണ്ട്. Donate My kit എന്ന ഓപ്ഷനില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാണ് കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.17 ഇനങ്ങളടങ്ങിയ ആയിരം രൂപയോളം വിലമതിക്കുന്ന കിറ്റാണ് സര്‍ക്കാര്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

കോവിഡ്19 പകര്‍ച്ചവ്യാധി കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. നിത്യവേതനക്കാര്‍, സ്ഥിരവരുമാനമില്ലാത്തവര്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവര്‍ ഒരുപാടുണ്ടാകാം. മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ നിങ്ങളില്‍ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. പലര്‍ക്കും അതു വേണ്ട എന്നു തോന്നുന്നുണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് ആ കിറ്റ് കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കും. അതിനു കഴിവും സന്നദ്ധതയുമുള്ളവര്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ Donate My kit എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അവിടെ നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കൂ. ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കൂ.

Latest