Connect with us

Covid19

കൊവിഡ് 19 വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടുക: ജി 20 ഉച്ചകോടി

Published

|

Last Updated

ദമാം | ആഗോള വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ് 19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ജി 20 രാജ്യങ്ങളിലെ നേതാക്കള്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി ചേര്‍ന്നു. ആഗോള വ്യാപകമായി 21000ല്‍ പരം ആളുകളുടെ മരണത്തിന് കാരണമായ ഈ വെല്ലുവിളിയെ നേരിടാന്‍ നാം ഒത്തുചേരുകയും സഹകരിക്കുകയും ചെയ്യണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

പ്രതിസന്ധിക്കെതിരെ എല്ലാവരും ഉറച്ച നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഊദി അറേബ്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കോവിഡ് 19 വൈറസ് ബാധ തടയുന്നതിന് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള സഹകരണത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെയും രാജ്യങ്ങളെയും സല്‍മാന്‍ രാജാവ് അനുശോചനമറിയിച്ചു. അണുബാധയുള്ളവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ലോക ആരോഗ്യ മേഖലയിലും സാമ്പത്തികമേഖലയിലും വൈറസ് മൂലം ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോവുന്നതിനും, ലോക ആരോഗ്യ സാമ്പത്തിക രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉച്ചകോടി അംഗരാജ്യങ്ങളോട് ആഹ്വനം ചെയ്തു. വീഡിയോ കോണ്‍ഫറസിംഗ് വഴിയായിരുന്നു ഉച്ചകോടി.