Connect with us

Kerala

നവംബർ മുതൽ ബൾബ് നിരോധനം; ഫിലമെന്റ് രഹിത പദ്ധതി ഇഴയുന്നു

Published

|

Last Updated

കോഴിക്കോട് | നവംബർ മുതൽ സി എഫ് എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രഖ്യാപിച്ചെങ്കിലും ഫിലമെന്റ് രഹിത കേരളം പദ്ധതി ഇഴയുന്നു.

വീടുകളിലെ ബൾബുകളെല്ലാം എൽ ഇ ഡിയിലേക്ക് മാറ്റി ഊർജ മിതവ്യയത്തിന് സീറോ ഫിലമെന്റ് പീലിക്കോട് മാതൃക നടപ്പാക്കുകയെന്ന ലക്ഷ്യം നവംബറിന് മുമ്പ് പൂർത്തീകരിക്കുക അസാധ്യമാണെന്ന് കെ എസ് ഇ ബി ഉന്നതർ പറയുന്നു. 2019 പദ്ധതിക്കായി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇതുവരെ ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാനിയിട്ടില്ല. സി എഫ് എൽ വിതരണത്തിന് തയ്യാറുള്ള വിതരണക്കാരെ തീരുമാനിക്കാനുള്ള ടെൻഡർ നടപടികൾ വിവിധ തടസ്സങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു.

മൂന്ന് വർഷം വാറണ്ടിയുള്ള ബൾബാണ് ഉപഭോക്താക്കൾക്ക് നൽകേണ്ടത്. ഈ വ്യവസ്ഥയാണ് ടെൻഡർ ഉറപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വിലയും ഗുണമേന്മയും ഉറപ്പു നൽകാൻ ചില ചെറുകിട സംരംഭകർ തയ്യാറാണെങ്കിലും ടെൻഡർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ഇവർക്ക് നടപടികളിൽ പങ്കാളികളാകാൻ കഴിഞ്ഞിട്ടുമില്ല.
ഗുണമേൻമയുള്ളതും ക മ്പോള വിലയേക്കാൾ കുറഞ്ഞ നിരക്കിൽ മൂന്ന് വർഷം ഗ്യാരന്റിയുള്ളതുമായ എൽ ഇ ഡി ബൾബുകൾ കെ എസ് ഇ ബി യിലൂടെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് 2019 ജൂണിൽ പദ്ധതി പ്രവർത്തനം തുടങ്ങിയത്.

തൊട്ടടുത്ത കെ എസ് ഇ ബി ഓഫീസിലോ റീഡിംഗ് എടുക്കാൻ വരുന്ന മീറ്റർ റീഡർ മുഖേനെയോ ബോർഡിന്റെ വെബ് സൈറ്റിലൂടെയോ ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാമെന്നായിരുന്നു ആദ്യം അറിയിപ്പുവന്നത്. ഇതനുസരിച്ച് രജിസ്‌ട്രേഷന് വൻ പ്രവാഹമാണുണ്ടായത്.
കേരള സർക്കാർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ പങ്കാളിത്തത്തോടെ ഊർജ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തിയാണ് എൽ ഇ ഡി ബൾബ് വിതരണം ചെയ്യുന്നതെന്നായിരുന്നു പ്രഖ്യാപനം. ഉപയോഗ ശൂന്യമായാൽ വലിച്ചെറിഞ്ഞു മാലിന്യമാകാനിടയുള്ള പഴയ ഫിലമെന്റ് ബൾബുകളും മെർക്കുറി അടങ്ങിയ സി എഫ് എൽ ബൾബുകളും തിരിച്ചെടുത്ത് അപകടരഹിതമായി സംസ്കരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ഊർജ സംരക്ഷണത്തോടൊപ്പം കാർബൺ നിർഗമനം കുറക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് സംസ്ഥാന ഊർജ കേരള മിഷൻ പദ്ധതി തയ്യാറാക്കിയത്.

കാസർകോട് ജില്ലയിലെ പീലിക്കോട് പഞ്ചായത്ത് ആദ്യ ഫിലമെന്റ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മാതൃക ഇതിനായി സ്വീകരിക്കുകയും ചെയ്തു. ഗാർഹിക ഉപയോക്താക്കളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഒരു ഉപയോക്താവിന് ഒമ്പത് വാട്ടിന്റെ 20 എൽ ഇ ഡി ബൾബ് വരെ നൽകുകയായിരുന്നു ലക്ഷ്യം. ആദ്യം പത്ത് രൂപ നൽകി പിന്നീട് വൈദ്യുതി ബില്ലിനൊപ്പം തവണകളായി തുക നൽകുന്നതായിരുന്നു പദ്ധതി.
65 രൂപയാണ് ഒരു ബൾബിന് വില കണക്കാക്കിയിരുന്നത്. 750 കോടിയുടെ പദ്ധതി തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. 2019 ജൂൺ അവസാനമോ ജൂലൈ ആദ്യമോ എൽ ഇ ഡി വിതരണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. പ്രാഥമിക കണക്കുകൾ പ്രകാരം മാറ്റുന്ന ഫിലമെന്റ് ബൾബുകൾക്ക് പകരം അഞ്ച് കോടി എൽ ഇ ഡികൾ വീടുകളിൽ വിതരണം ചെയ്യേണ്ടിവരുമെന്നായിരുന്നു നിഗമനം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest