Connect with us

International

'എല്ലാം നല്ലതിന്'; ഇറാന്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിറകെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.ഇറാന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകള്‍ നല്‍കുന്നത്. സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

12ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ്ഇറാഖിലെ അല്‍ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക്നേരേ ഇറാന്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്നുവരുന്നതിനിടെയാണ് ഇറാന്റെ തിരിച്ചടി. അമേരിക്കന്‍ സൈന്യത്തെയും പെന്റഗണെയുംകഴിഞ്ഞദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും വൈറ്റ് ഹൗസിലെത്തിയിരുന്നു.