Connect with us

Gulf

ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ സാഹിത്യോത്സവ് ജനുവരിയില്‍

Published

|

Last Updated

ജിദ്ദ | ഭാഷാദേശാന്തരമായ സ്‌നേഹവലയത്തിനുള്ളില്‍ സമൂഹത്തെ ഒരുമിപ്പിക്കാന്‍ കലകള്‍ക്കും സാഹിത്യങ്ങള്‍ക്കും സാധിക്കുമെന്ന് സാഹിത്യകാരന്‍ ഗോപി നെടുങ്ങാടി. ആര്‍ എസ് സി ജിദ്ദ സിറ്റി സെന്‍ട്രല്‍ സാഹിത്യോത്സവിന് മുന്നോടിയായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച “കലാവലയം” ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിലും പുറത്തും നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും “കലാവലയം” ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആര്‍ എസ് സി സഊദി വെസ്റ്റ് നാഷനല്‍ കലാലയം കണ്‍വീനര്‍ സാദിഖ് ചാലിയാര്‍ പൗരത്വ ഭേദഗതി നിയമം വിഷയാവതരണം നടത്തി. ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ നിന്ന് വിദ്യാര്‍ഥി യുവജനങ്ങള്‍ കൊളുത്തി വെച്ച പ്രതിഷേധജ്വാല രാജ്യം മുഴുവന്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. മതേതര യുവത്വം രാജ്യത്തിന്റെ കരുത്തും പ്രതീക്ഷയുമാണ്. വിഭജന രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഒരു സ്ഥാനവുമില്ല എന്ന ശുഭപ്രതീക്ഷയാണ് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ തെരുവുകളില്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാകിര്‍ ഹുസൈന്‍ (ഒ ഐ സി സി സഊദി വെസ്റ്റ് ജനറല്‍ സെക്രട്ടറി), കബീര്‍ കൊണ്ടോട്ടി (ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി), ഷാജു അത്താണിക്കല്‍ (ഗ്രന്ഥപ്പുര, ജിദ്ദ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. 106 ഇനങ്ങളിലായി അഞ്ച് സെക്ടറിലെ പ്രതിഭകള്‍ മാറ്റുരക്കുന്ന ജിദ്ദ സിറ്റി സെന്‍ട്രല്‍ സാഹിത്യോത്സവ് അബ്ദുല്‍ നാസര്‍ അന്‍വരി പ്രഖ്യാപിച്ചു. ആര്‍ എസ് സി നാഷനല്‍ വിസ്ഡം കണ്‍വീനര്‍ മന്‍സൂര്‍ ചുണ്ടമ്പറ്റ പദ്ധതികള്‍ വിശദീകരിച്ചു. മുന്‍കാല സാഹിത്യോത്സവ് പ്രതിഭകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചത് ശ്രദ്ധേയമായി. ആഷിഖ് സഖാഫി പൊന്മള, റഷീദ് പന്തല്ലൂര്‍, ഗഫൂര്‍ വാഴക്കാട്, അഷ്റഫ് മാസ്റ്റര്‍, ഇര്‍ഷാദ് കടമ്പോട്, സുല്‍ഫീക്കര്‍ ഒതായി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

അല്‍ അബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ റഹ്മാന്‍, ഷിഫ ജിദ്ദ മാര്‍ക്കറ്റിംഗ് മാനേജര്‍ ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജിദ്ദ സിറ്റി ആര്‍ എസ് സി ചെയര്‍മാന്‍ താജുദ്ദീന്‍ നിസാമി അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജംഷീര്‍ വയനാട് സ്വാഗതവും ആഷിഖ് ഷിബിലി നന്ദിയും പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ വലയം തീര്‍ത്താണ് സംഗമം അവസാനിച്ചത് .

Latest