National
പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് അസം; ഗുവാഹത്തിയില്‍ മൂന്ന് മരണം

ഗുവാഹത്തി | മതപരായി പൗരനെ വേര്‍തിരിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങിയുള്ള അസമിലെ ജനങ്ങളുടെ പ്രതിഷേധം നിയന്ത്രണാധീതമായി വളരുന്നു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിര്‍ത്തിവെച്ചും പട്ടാളത്തെ ഇറക്കിയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും കേന്ദ്രം സുരക്ഷ തീര്‍ക്കുമ്പോഴും ഇതെല്ലാം അവഗണിച്ച് ജനത്തിന്റെ പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലറങ്ങിയ ആയിരങ്ങള്‍ പോലീസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായായിരുന്നു. പ്രക്ഷോഭകാരികളെ പിന്തരിപ്പിക്കാനുള്ള പോലീസ് വെടിവെപ്പിനിടെ മൂന്ന് പേര്‍ മരണപ്പെട്ടു.
നിരവധി വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമാണ് അഗ്നിക്കിരയായത്. മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ബി ജെ പി എം എല്‍ എ ബിനോദ് ഹസാരികയുടെ വീടും ആര്‍ എസ് എസ് ഓഫീസും പ്രക്ഷോഭകാരികള്‍ തീവെച്ചു. എം പിയുടെ വസതിക്ക് നേരയും ആക്രമണമുണ്ടായി.
ആരും അഹ്വാനം ചെയ്യാതെയുള്ള വലിയ ജനകീയ പ്രക്ഷോഭത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്.
കത്തുന്ന പ്രതിഷേധത്തിനിടെ ഗുവഹാട്ടിയില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി.
പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന്‍ 48 മണിക്കൂര്‍ നേരത്തേക്ക് വ്യാപിപ്പിച്ചു. ദീബ്രുഘട്ടിലേക്കും ഗുവഹാട്ടിയിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. സുരക്ഷ മുന്‍നിര്‍ത്തി അസമിലെയും ത്രിപുരയിലെയും തീവണ്ടി സര്‍വീസുകള്‍ ബുധനാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകളില്‍ കേടുപാടുകള്‍ വരുത്തുകയും തീവെക്കുകയും ചെയ്തു.
അസമിനു പുറമെ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്. 5000 അര്‍ധ സൈനികരെ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചു. സി ആര്‍ പി എഫ്, ബി എസ് എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ സൈനിക വിഭാഗങ്ങളെയാണ് അയച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുടര്‍ന്ന് കശ്മീരില്‍ വിന്യസിച്ചിരുന്ന 2000ത്തോളം അര്‍ധ സൈനികരും സംഘത്തില്‍ ഉള്‍പ്പെടും. കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിന്ന് സൈനികരെ പിന്‍വലിച്ചത്.