തൃശൂരിലെ എടിഎം മോഷണ ശ്രമം: ഹോട്ടല്‍ നടത്തിപ്പുകാരായ യുവാക്കള്‍ പിടിയില്‍

Posted on: December 2, 2019 11:02 pm | Last updated: December 2, 2019 at 11:02 pm

തൃശൂര് | പാറമേല്‍പടിയില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്ത്, രാഹുല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തി വരികയാണ്. .ഒറ്റപ്പാലത്തും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

കവര്‍ച്ചാ ശ്രമം എടിഎമ്മിന്റെ സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരും മുങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയും ഉപേക്ഷിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മിന്റെ ഷട്ടറിന്റെ പാതി തുരന്ന് അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയാണു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നയാള്‍ മോഷ്ടാക്കളെ കണ്ടത്. പുലര്‍ച്ചെ രണ്ടരയോടെ ശുചിമുറിയില്‍ പോകാന്‍ എഴുന്നേറ്റപ്പോഴാണ് അയല്‍വാസി ഗ്യാസ് കട്ടറിന്റെ വെളിച്ചം കണ്ടത്. ഉടനെ, തൊട്ടടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലെറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ ഓടിച്ചു പോയി. കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.