Connect with us

Gulf

ആയിരം പ്രദര്‍ശകരെത്തും; അബൂദബി ഭക്ഷ്യ മേള ഡിസംബര്‍ ഒമ്പതിന്

Published

|

Last Updated

അബൂദബി: ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബൂദബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അബൂദബി ഭക്ഷ്യ മേള ഡിസംബര്‍ ഒമ്പത് മുതല്‍ 11 വരെ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. കോമെക്സ്പോസിയം, അബൂദബി അഗ്രികള്‍ച്ചര്‍ ഫുഡ് സേഫ്റ്റി അതോറിറ്റി, അഡ്നിക് എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യ മേള ഒരുക്കുന്നത്. 2010 ലാണ് സിയാല്‍ അബൂദബി ഭക്ഷ്യമേള ആരംഭിച്ചത്.

എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയില്‍ പ്രത്യക്ഷമായും പരോക്ഷമായും സിയാല്‍ 81900 കോടി ദിര്‍ഹമിന്റെ സാമ്പത്തിക ആഘാതമുണ്ടാക്കിയതായി സംഘാടകര്‍ വ്യക്തമാക്കി. കൂടാതെ ലോകമെമ്പാടു നിന്നുമുള്ള 7,600 പ്രദര്‍ശകര്‍ക്കും 153,900 വിദഗ്ധര്‍ക്കും സിയാലിലൂടെ സാമ്പത്തിക ഗുണം ലഭിച്ചിട്ടുണ്ട്. വാണിജ്യപരമായ ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഗുണനിലവാരമുള്ള സാധനങ്ങളുടെ ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് സിയാല്‍ മിഡില്‍ ഈസ്റ്റ് ഭക്ഷ്യ മേള കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ജി സി സി യിലെ വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് പുറമെ, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉത്പന്നങ്ങളുമായി കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തും. 30 ലധികം രാജ്യങ്ങളിലെ പവലിയനുകള്‍, 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രദര്‍ശകര്‍, 20,000 ത്തിലധികം വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പ്രദര്‍ശനത്തിനെത്തും. ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട മേളകളില്‍ ഒന്നായി സിയാല്‍ അതിവേഗം മാറിക്കഴിഞ്ഞു.

ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട കമ്പനികളുടെ ഒത്തുചേരലായ സിയാലില്‍ ലോകമെമ്പാടു നിന്നുള്ള കമ്പനികളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് അബൂദബി കാര്‍ഷിക ഭക്ഷ്യ സുരക്ഷ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ ബഹ്രി സേലം അല്‍ അമ്രി പറഞ്ഞു. ആരംഭിച്ചതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ സിയാല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലും പുറത്തും ഭക്ഷ്യ സംബന്ധിയായ മേഖലകളില്‍ ഏറ്റവും പ്രതീക്ഷിക്കുന്ന വ്യവസായ സംരംഭങ്ങളിലൊന്നായി മാറിയിരിക്കുന്നു, ഞങ്ങള്‍ വളരെ ആവേശത്തിലാണ് ഈ വര്‍ഷം വീണ്ടും വ്യവസായ പ്രമുഖരെ പങ്കെടുപ്പിക്കുന്നത്.

ലോകമാസകലമുള്ള പ്രധാന ഭക്ഷ്യ ഉത്പാദക, കയറ്റുമതി മേഖലയിലെ പ്രധാന പ്രതിനിധികളുമായി ബന്ധം സ്ഥാപിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും സിയാല്‍ മികച്ച വേദിയൊരുക്കുന്നതായി അഡ്നിക് ഗ്രൂപ്പ് സി ഇ ഒ. ഹുമൈദ് മത്തര്‍ അല്‍ ളാഹിരി പറഞ്ഞു.

Latest